പാകിസ്താനും ചൈനയും ചേർന്ന് വെല്ലുവിളി ഉയർത്തുന്നു -കരസേന മേധാവി
text_fieldsന്യൂഡൽഹി: പാകിസ്താനും ചൈനയും ചേർന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുകയാണെന്നും അവരുടെ നിഗൂഢ നീക്കങ്ങൾ കാണാതിരിക്കാനാകില്ലെന്നും കരസേന മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു. രണ്ടു നിലയിലുമുള്ള ഭീഷണി നേരിടാൻ ഇന്ത്യ സജ്ജമാകണം. സൈനിക, സൈനികേതര രംഗങ്ങളിൽ പാക്-ചൈന സഹകരണം വർധിച്ചിട്ടുണ്ടെന്നും സൈനികദിനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ നരവനെ അഭിപ്രായപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടത്തെ സൈനികസാന്നിധ്യവും സംഘർഷാവസ്ഥയും കുറക്കാനുള്ള ധാരണകളിലെത്താൻ ഇന്ത്യക്കും ചൈനക്കുമാകുമെന്നാണ് പ്രതീക്ഷ. പാങോങ് തടാകത്തിെൻറ ദക്ഷിണ തീരത്തുള്ള നിർണായക പ്രദേശങ്ങളിൽ ദേശീയ താൽപര്യം മുൻനിർത്തി സൈന്യം തുടരും.
സംഘർഷം പൂർണമായി അയയാത്ത സാഹചര്യത്തിൽ, അരലക്ഷത്തോളം സൈനികരെ കിഴക്കൻ ലഡാക്കിലെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചൈനയും ഇത്രതന്നെ സൈന്യത്തെ വിന്യസിച്ചു.
വടക്കൻ അതിർത്തിയിൽ ചില പുനർവിന്യാസങ്ങൾ ആവശ്യമാണെന്ന് വ്യക്തമായതിനനുസരിച്ച് നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഇന്ത്യയും ചൈനയും നയതന്ത്ര ചർച്ച നടത്തി. സൈനികതല ചർച്ച അവസാനം നടന്നത് നവംബറിലാണ്.
ഭീകരത പാകിസ്താൻ നയമായി തുടരുകയാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള അവകാശം നമുക്കുണ്ടെന്നും നരവനെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.