പാക്- ബംഗ്ലാദേശ്- ഇന്ത്യ ലയനം സാധ്യമാകും -ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടർ
text_fieldsന്യൂഡൽഹി: കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും ഒന്നിച്ചത് പോലെ പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയിൽ ലയിക്കുന്നത് സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടർ. ബി.ജെ.പി ദേശീയ ന്യൂനപക്ഷ മോർച്ചയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീ രാഷ്ട്രപതിയാകുമ്പോൾ അയൽരാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അക്രമം അരങ്ങേറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനമില്ലാത്തതിനാൽ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഓടിപ്പോകേണ്ടിവരുന്നു എന്നും ശ്രീലങ്കയെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
"നമ്മുടെ രാജ്യത്ത് ഏറ്റവും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീക്ക് ജനാധിപത്യ രീതിയിൽ രാഷ്ട്രപതിയാകാൻ അവസരം ലഭിച്ചു. ഇത് ഇന്ത്യയിൽ മാത്രമേ സാധ്യമാകൂ. പ്രസിഡന്റ് ദ്രൗപതി മുർമു സമാധാനത്തിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബംഗ്ലാദേശിലും പാക്കിസ്താനിലും സംഘർഷം അരങ്ങേറുകയാണ്. മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് നാടുവിടുന്നു. അവിടെ സമാധാനമില്ല. ഇന്ത്യയെ ലോകത്തിന്റെ തലപ്പത്തെത്തിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ വിഭജനം വേദനാജനകമായിരുന്നു" ഖട്ടർ പറഞ്ഞതായി ന്യൂനപക്ഷ മോർച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഗുരുഗ്രാമിലെ ബി.ജെ.പി സംസ്ഥാന ഓഫിസിലാണ് ന്യൂനപക്ഷ സമുദായങ്ങൾക്കായുള്ള ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ മോർച്ച തലവൻ ജമാൽ സിദ്ദിഖിയും ചടങ്ങിൽ പങ്കെടുത്തു. 'ഈ പരിശീലന പരിപാടിയിലൂടെ ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി മോദി സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടും" സിദ്ദിഖി പറഞ്ഞു.
'ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു'
സംഘ പരിവാറിനെ കുറിച്ച് ഭയം ജനിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'എന്നാൽ ന്യൂനപക്ഷങ്ങൾ ഇപ്പോൾ ബിജെപിയുടെ പ്രവർത്തനങ്ങളും വാക്കുകളും മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. കോൺഗ്രസിന്റെ ചിന്തയും പ്രത്യയശാസ്ത്രവും അവർ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു' -ഖട്ടർ പറഞ്ഞു.
'ഭാരത് മാതാ' മുദ്രാവാക്യങ്ങൾ പ്രതിപക്ഷ പാർട്ടിയെ വേദനിപ്പിക്കുന്നതായി ഖട്ടർ പറഞ്ഞു. '1984ൽ ബിജെപിക്ക് ലോക്‌സഭയിൽ രണ്ട് സീറ്റുകളായിരുന്നു. എന്നാൽ 12 വർഷത്തിന് ശേഷം മറ്റ് പാർട്ടികളുടെ സഹായത്തോടെ അടൽ വിഹാരി വാജ്‌പേയി സർക്കാർ രൂപീകരിച്ചു. 2014ൽ കേവല ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ചു. മോദിയുടെ ഒരേയൊരു മുദ്രാവാക്യം 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്' മാത്രമായിരുന്നു. ഇപ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ ബിജെപിയിലുള്ള വിശ്വാസം വളർന്നു തുടങ്ങിയിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.
പരിശീലന ക്യാമ്പിൽ നാല് സെഷനുകളാണ് ഉണ്ടായിരുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല, ഉത്തർപ്രദേശിലെ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി തുടങ്ങഇയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.