കടുത്ത എതിർപ്പ്; ഇന്ത്യയിൽനിന്ന് പഞ്ചസാര ഇറക്കുമതി വേണ്ടെന്നുവെച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: പരസ്പരബന്ധം മോശമായിനിൽെക്ക, ഇന്ത്യയിൽനിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനുള്ള നീക്കം പാകിസ്താൻ ഉപേക്ഷിച്ചു. ആഭ്യന്തരമായ എതിർപ്പുകളെ തുടർന്ന് ഇതുസംബന്ധിച്ച നിർദേശം ഇംറാൻ ഖാൻ മന്ത്രിസഭ തള്ളി. വിലക്കയറ്റം പിടിച്ചുനിർത്താൻ ഇന്ത്യയിൽനിന്ന് പഞ്ചസാരയുടെയും പരുത്തിയുടെയും ഇറക്കുമതി പുനരാരംഭിക്കാൻ സാമ്പത്തിക ഏകോപന സമിതിയാണ് ശിപാർശ ചെയ്തത്.
റമദാൻ അടുക്കുന്നതിനിടയിൽ പാകിസ്താനിൽ പഞ്ചസാരക്ക് 20 ശതമാനംവരെ വിലക്കയറ്റമുണ്ട്. എന്നാൽ, പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെ നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വെട്ടിക്കുറച്ച തീരുമാനം മാറ്റുന്നതിൽ കടുത്ത എതിർപ്പാണ് ഉയർന്നത്.
ഇടവേളക്കുശേഷം ഇന്ത്യയും പാകിസ്താനും ബന്ധം മെച്ചപ്പെടുത്താൻ വീണ്ടും ശ്രമിക്കുന്നുവെന്ന സമീപകാല സൂചനകൾക്കിടെയാണ് പുതിയ സംഭവവികാസം. പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനുള്ള താൽപര്യമാണ് രണ്ടിടത്തെയും പ്രധാനമന്ത്രിമാർ ഈയിടെ പരസ്പരം കത്തയച്ചതിൽ പ്രകടമായത്. ഇംറാൻ ഖാൻ മന്ത്രിസഭയുടെ താൽപര്യപ്രകാരം തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിർദേശം സാമ്പത്തിക ഏകോപന സമിതി മന്ത്രിസഭയുടെ പരിഗണനക്കുവെച്ചത്.
ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതി പുനരാരംഭിക്കാൻ പോകുന്നതെന്ന് ധനമന്ത്രി ഹമദ് അസ്സർ കഴിഞ്ഞദിവസം പറഞ്ഞതുമാണ്.
എന്നാൽ, രാഷ്ട്രീയമായി തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലാണ് വ്യാഴാഴ്ചത്തെ മന്ത്രിസഭ തീരുമാനം. കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ ഇറക്കുമതി ഇല്ലെന്ന് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.