പാക് ചാരകേസ്: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷനിൽ നിന്ന് നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചാരവൃത്തി നടത്തിയതിനെ തുടർന്ന് പാക് ഹൈകമ്മീഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് നാലുപേരെ തിരിച്ചുവിളിക്കാൻ പാകിസ്താൻ ആലോചിക്കുന്നത്. തന്നെ കൂടാതെ ഹൈകമ്മീഷനിലെ വേറെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐ.എസ്.ഐ ചാരന്‍മാരാണെന്ന് പോലീസിനോട് അക്തര്‍ വെളിപ്പെടുത്തിയിരുന്നു.
ഹൈകമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
ഹൈകമ്മീഷൻ കൊമേഴ്സ്യൽ കൗൺസിലർ സയ്യിദ് ഫുറാഖ് ഹബീബ്, സെക്രട്ടറിമാരായ ഖാദിം ഹുസൈൻ, മുദ്ദാസിർ കീമ, ഷാഹിദ് ഇക്ബാൽ എന്നിവരെയായിരിക്കും തിരിച്ചുവിളിക്കുകയെന്നാണ് വിവരം. അക്തറിെൻറ വെളിപ്പെടുത്തതലിനെ തുടർന്ന് ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടതിനെതിരെ പാകിസ്താൻ രംഗത്തെത്തിയിരുന്നു.
പ്രതിരോധ രഹസ്യ രേഖകൾ ചോർത്തിയ കേസിൽ ഹൈകമ്മീഷൻ ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തറിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നയതന്ത്ര പരിരക്ഷ പരിഗണിച്ച് പിന്നീട് വിട്ടയക്കുകയായിരുന്നു. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ അക്തറിനെ പുറത്താക്കിയ വിവരം അറിയിച്ചത്.
ചാരപ്രവർത്തനം നടത്തിയെന്നത് പാകിസ്താൻ നിഷേധിച്ചിരുന്നു. പാക് നയതന്ത്രജ്ഞരുടെ ഇടപെടലുകൾ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് അക്തറിനെ പുറത്താക്കിയതിന് പിന്നിലെന്നും പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.