നടപടികളുമായി പാകിസ്താനും; വ്യോമ മേഖല അടച്ചു, ഷിംല കരാർ മരവിപ്പിക്കും, ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും വിച്ഛേദിച്ചു
text_fieldsഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.
ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1971ലെ യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പിടുന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് കരാറിൽ പറയുന്നത്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.
ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.
48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.
1960 സെപ്റ്റംബർ 19നാണ് പാകിസ്താനുമായി സിന്ധു നദീജല കരാർ ഒപ്പിട്ടത്. 1965, 1971, 1999 എന്നീ യുദ്ധവർഷങ്ങളിൽ പോലും കരാർ തുടർന്നിരുന്നു. കരാർ റദ്ദാക്കുന്നത് പാകിസ്താന് തിരിച്ചടിയാകും. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതുവരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണ്. ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു.
Live Updates
- 24 April 2025 12:26 PM
ബി.എസ്.എഫ് ജവാൻ പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിൽ
ശ്രീനഗർ: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിനിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.
- 24 April 2025 11:47 AM
അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം കശ്മീരിലെത്തി; ഒടുവിൽ പിതാവിന്‍റെ അന്ത്യകർമങ്ങൾക്ക് അശ്വരി നേതൃത്വം നൽകിയത് അദ്ദേഹത്തിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച്....
പിതാവിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പുണെ നിവാസിയായ സന്തോഷ് ജഗ്ദലേയുടെ മകൾ അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്. സന്തോഷ് ജഗ്ദലെ മകൾ അശ്വരിക്കും ഭാര്യ പ്രഗതിക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. ഭാര്യക്കും മകൾക്കും സമീപത്തുവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജഗ്ദലേയും ബാല്യകാല സുഹൃത്ത് കൗസ്തുഭ് ഗൺബോടെയും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ജഗ്ദലെയുടെയും ഗൺബോടെയുടെയും മൃതദേഹങ്ങൾ പുണെയിലേക്ക് എത്തിച്ച്. ഇരുവരുടെയും അന്ത്യകർമങ്ങൾ നവി പേത്ത് പ്രദേശത്തെ വൈകുണ്ഠിലുള്ള വൈദ്യുത ശ്മശാനത്തിൽ നടന്നു.
എൻ.സി.പി (എസ്.പി) മേധാവി ശരദ് പവാർ ജഗ്‌ദലെയുടെയും ഗൺബോടെയുടെയും വീടുകൾ സന്ദർശിച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പവാറിനോട് സംസാരിക്കുന്നതിനിടെ കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
- 24 April 2025 11:45 AM
ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകും; ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ് -മോദി
പട്ന: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- 24 April 2025 11:40 AM
യുദ്ധക്കപ്പലിൽ നിന്ന് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന; പാകിസ്താനുള്ള മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് നാവികസേന. കടലിനു മുകളില്‍ ശത്രുവിമാനത്തെയോ മിസൈലിനേയോ ആക്രമിച്ച് തകർക്കുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാവികസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് മിസൈൽ വിക്ഷേപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

