അതിർത്തിയിൽ വെടിനിർത്തൽ ധാരണ ലംഘിച്ച് പാക് സൈന്യം; കനത്ത തിരിച്ചടി നൽകി ഇന്ത്യ
text_fieldsശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ ധാരണ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിർത്ത് പാക് സൈന്യം. നിയന്ത്രണ രേഖയിൽ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് പാക് പ്രകോപനം. ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകിയെന്ന് സൈനിക അധികൃതർ പറഞ്ഞു.
പാകിസ്താന്‍റെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കില്ലെങ്കിലും കനത്ത നാശത്തിനാണ് സാധ്യതയെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2021ൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ പുതുക്കിയിരുന്നു. എന്നാൽ, അതിർത്തിയിൽ സേനാ വിന്യാസം കുറച്ചിട്ടില്ല. 2021ന് ശേഷം അപൂർവമായാണ് വെടിനിർത്തൽ ധാരണ ലംഘിക്കപ്പെട്ടിട്ടുള്ളത്.
ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു. അഖ്‌നൂർ സെക്ടറിൽ ഭീകരർ സ്ഥാപിച്ച ഐ.ഇ.ഡി. പൊട്ടിത്തെറിക്കുകയായിരുന്നു. ഭട്ടൽ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തിൽപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.