പാക് വിജയാഘോഷം; യുവാക്കളെ വിട്ടയക്കണമെന്ന് പ്രധാനമന്ത്രിക്ക് മഹ്ബൂബയുടെ കത്ത്
text_fieldsശ്രീനഗർ: ട്വൻറി 20 ലോക കപ്പിൽ ഇന്ത്യക്കെതിരായ പാകിസ്താെൻറ വിജയം ആഘോഷിച്ചെന്നാരോപിച്ച് കശ്മീരിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളെ വിട്ടയക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രസിഡൻറ് മഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാർഥികളുടെ ഭാവി നശിപ്പിക്കരുതെന്നും മഹ്ബൂബ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ യുവതലമുറയിൽ അവിശ്വാസവും അന്യഥാ ബോധവും വളർത്തുകയേയുള്ളൂവെന്നും ദേശസ്നേഹവും വിശ്വസ്തതയും വളർത്തേണ്ടത് അനുകമ്പയോടെയാണെന്നും മഹ്ബൂബ ചൂണ്ടിക്കാട്ടി.
വിജയം ആഘോഷിച്ചതിെൻറ പേരിൽ ശ്രീനഗർ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളിൽ ചിലരെയും ആഗ്രയിൽ പഠിക്കുന്ന കശ്മീരികളായ വിദ്യാർഥികളെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മഹ്ബൂബ മുഫ്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും യുവതലമുറയിൽ വളർത്തിയെടുക്കേണ്ടതാണെന്നും കത്തിൽ മഹ്ബൂബ പറഞ്ഞു.
അതിനിടയിൽ ആഗ്രയിൽ വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പി.ഡി.പി പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ വിദ്യാർഥികൾക്ക് നിയമസഹായം നൽകേണ്ടതില്ലെന്ന് ആഗ്രയിലെ അഭിഭാഷക സംഘടനകൾ തീരുമാനിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നിയമസഹായം നൽകില്ലെന്ന് യങ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡൻറ് നിതിൻ വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.