ഇന്ത്യ വിസ നൽകിയില്ല; ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച് പാകിസ്താൻ യുവതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ വിസ ലഭിക്കാത്തതിനെ തുടർന്ന് ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച് പാകിസ്താൻ യുവതി. കറാച്ചി സ്വദേശിനിയായ അമീനയാണ് വിസ ലഭിക്കാത്തതിനെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റായ അർബാസ് ഖാനെ ഓൺലൈനായി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
അതിർത്തി കടന്നുള്ള പ്രണയവിവാഹങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഇത്തരത്തിലൊരു വെർച്വൽ വിവാഹം. നേരത്തെ, മൊബൈൽ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയെ വിവാഹം കഴിക്കാൻ പാകിസ്താൻ യുവതി സീമ ഹൈദർ തന്റെ നാലു കുട്ടികളുമായി ഇന്ത്യയിലേക്ക് വന്നിരുന്നു. ഇതിനിടെ, ഇന്ത്യൻ യുവതി അതിർത്തി കടന്ന് പാകിസ്താൻ യുവാവിനെ വിവാഹം കഴിച്ചതും വലിയ വാർത്തയായി.
‘അമീന വിസക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാൻ പാക്കിസ്താനിൽ പോയി വിവാഹം കഴിക്കാതിരുന്നത്. അവർ ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹിതരാകും’ -ചടങ്ങിന് ശേഷം അർബാസ് പറഞ്ഞു. ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ നടന്ന വെർച്വൽ വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നിക്കാഹ് മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും വെർച്വലായി നടത്തി. ജോധ്പുർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അദ്ദേഹം ദമ്പതികൾക്ക് വിവാഹ ആശംസകളും നേർന്നു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാകിസ്താനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും ചടങ്ങിനുശേഷം അർബാസ് പ്രതികരിച്ചു.
ഇരു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ ലഭിച്ച് അമീന ക്ക് വേഗത്തിൽ ഇന്ത്യയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് അർബാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.