ഇന്തോ പാക് അതിർത്തിൽ ജനിച്ച കുഞ്ഞിന് 'ബോർഡർ' എന്ന പേരിട്ട് പാക് ദമ്പതികൾ
text_fieldsഛണ്ഡീഗഡ്: ഇന്തോ പാക് അതിർത്തിൽ ജനിച്ച കുഞ്ഞിന് 'ബോർഡർ' എന്ന പേരു നൽകി പാക് ദമ്പതികൾ. ഇന്തോ -പാക് അതിർത്തിയായ അട്ടാരിയിൽ ഡിസംബർ രണ്ടിനായിരുന്നു കുഞ്ഞിന്റെ ജനനം.
71 ദിവസമായി 98 പാകിസ്താൻ പൗരന്മാർക്കൊപ്പം അട്ടാരി അതിർത്തിയിലായിരുന്നു നിംപു ബായ്യുടെയും ബലാംറാമിന്‍റെയും താമസം. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയാണ് ഇവരുടെ സ്വദേശം. ഇന്തോ പാക് അതിർത്തിയിൽവെച്ച് ജനിച്ചതിനാലാണ് കുഞ്ഞിന് 'ബോർഡർ' എന്ന പേരു നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു.
ലോക്ഡൗണിന് മുമ്പ് ബന്ധുക്കളെ കാണുന്നതിനും തീർഥാടനത്തിനുമായാണ് ഇവർ ഇന്ത്യയിലെത്തിയത്. എന്നാൽ, ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഇവർക്ക് മടങ്ങാൻ കഴിഞ്ഞില്ല.
ദിവസങ്ങളായി അതിർത്തിയിൽ താമസമാക്കിയ നിംപു ബായിക്ക് വ്യാഴാഴ്ച പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പഞ്ചാബിലെ തൊട്ടടുത്ത ഗ്രാമങ്ങളിൽനിന്നുള്ള സ്ത്രീകളെത്തി നിംപുവിന് ആവശ്യമായ സഹായങ്ങൾ നൽകി. കൂടാതെ മെഡിക്കൽ സഹായങ്ങളും നൽകി.
സംഘത്തിൽ 47 പേർ കുട്ടികളാണ്. ഇതിൽ ആറുപേർ ജനിച്ചത് ഇന്ത്യയിലും. ഒരു വയസിൽ താഴെയുള്ളവരാണ് ഇവരെല്ലാവരും. ഇവരിൽ ഒരാളുടെ പേര് ഭാരത് എന്നാണ്. 2020ൽ ജോധ്പൂരിൽ ജനിച്ചതിനാലാണ് കുഞ്ഞിന് ഭാരത് എന്ന പേരു നൽകിയതെന്ന് പിതാവ് ലാഗ്യ റാം പറയുന്നു. ജോധ്പൂരിൽ സഹോദരനെ കാണാനെത്തിയതാണ് ലാഗ്യ. എന്നാൽ പിന്നീട് തിരിച്ചുപോകാൻ കഴിഞ്ഞില്ല.
അട്ടാരി അന്താരാഷ്ട്ര ചെക്ക് പോസ്റ്റിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ ടെന്‍റ് കെട്ടിയാണ് ഇവരുടെ താമസം. ഇവർക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും പ്രദേശവാസികൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.