ലഹരിക്കടത്തിന് പിന്നിൽ പാകിസ്താനിലെ ഹാജി സലിമെന്ന്
text_fieldsമുംബൈ: സമീപകാലത്ത് പിടികൂടിയ മയക്കുമരുന്നുകൾ രാജ്യത്തേക്ക് കടത്തിയതിന് പിന്നിൽ പാകിസ്താനിലെ മയക്കുമരുന്ന് മാഫിയ തലവൻ ഹാജി സലീമാണെന്ന് അന്വേഷണ ഏജൻസികൾ. ആയിരം കോടി രൂപയുടെ മുകളിൽ വിലവരുന്ന ഹെറോയിനുകളാണ് ഓരോ തവണയും കൊച്ചി, മുംബൈ അടക്കം വിവിധ തുറമുഖങ്ങൾ വഴി സലിം രാജ്യത്തേക്ക് കടത്തിയത്. ഇത്തരത്തിൽ പിടികൂടിയ 12 ഓളം കേസുകൾ വിരൽചൂണ്ടുന്നത് സലീമിലേക്കാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈയിടെ കൊച്ചിയിൽ 1200 കോടി രൂപയോളം വിലവരുന്ന 200 കിലോ ഹെറോയിൻ പിടിച്ച കേസും ഇതിൽപെടും.
ഇറാൻ, ബലൂചിസ്താൻ, അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ചാണ് സലീമിന്റെ പ്രവർത്തനമെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നുമാണ് ആരോപണം. ഇറാൻ, അഫ്ഗാനിസ്താൻ വഴിയാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് അയക്കുന്നതെന്നും പറയുന്നു. ശ്രീലങ്കയിൽനിന്ന് വരുന്ന ഒഴിഞ്ഞ ചരക്കു കപ്പലുകളിൽ ഇറാൻ, അഫ്ഗാൻ സമുദ്രങ്ങളിൽവെച്ചാണ് സലീമിന്റെ സംഘം വൻ തോതിൽ മയക്കുമരുന്ന് കയറ്റി അയക്കുന്നത്. ഈ കപ്പലുകളിൽ പലതും കൊച്ചിയിലാണ് എത്തുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സലീമിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളെ ഇന്ത്യ നേരത്തേതന്നെ അറിയിച്ചതാണെന്നും എന്നാൽ, അനൂകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മയക്കുമരുന്ന് വാങ്ങിയവർ അത് വിറ്റശേഷം പണം സ്വീകരിക്കുന്നതാണത്രെ സലീമിന്റെ രീതി. ഹവാല മാർഗമാണ് പണമിടപാട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മയക്കുമരുന്ന് പിടിച്ച കേസിൽ സലീമിന് ഹവാല മാർഗം പണം അയച്ചവരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ.ഐ.എ, റവന്യൂ ഇന്റലിജൻസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികളാണ് ഈയിടെ വൻ തോതിലുള്ള മയക്കുമരുന്ന് വേട്ടകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.