ബംഗ്ലാദേശിന് പ്രളയ സഹായമില്ല; മോദിക്കുള്ള പാക് ക്ഷണം സ്വീകരിക്കില്ല
text_fieldsന്യൂഡൽഹി: ത്രിപുരക്കൊപ്പം പ്രളയക്കെടുതിയിലായ ബംഗ്ലാദേശിന് ഇന്ത്യൻ സഹായമുണ്ടാവില്ല. ശൈഖ് ഹസീന ഇന്ത്യയിൽ തുടരുകയും അവരുടെ രാഷ്ട്രീയ എതിരാളി ബി.എൻ.പി അധികാരത്തിലെത്താനുള്ള സാധ്യതകളൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പഴയതുപോലെ പ്രളയ സഹായം നൽകേണ്ടതില്ലെന്ന നിലപാട് ഇന്ത്യ കൈക്കൊണ്ടത്.
ബംഗ്ലാദേശിൽനിന്ന് മടങ്ങിയ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചുപോകാനോ പഠനം തുടരാനോ കഴിയാത്ത സാഹചര്യത്തിൽ ബംഗ്ലാദേശിന് പ്രളയ സഹായം നൽകുന്നത് ആലോചിക്കാനാവില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ശൈഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് ബംഗ്ലാദേശ് റദ്ദാക്കിയത് അവരുടെ ഇന്ത്യയിലെ താമസത്തെ ബാധിക്കില്ലെന്നും താൽക്കാലിക അഭയമാണ് അവർ തേടിയതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിക്ക് ശൈഖ് ഹസീന ഏർപ്പെടുത്തിയ നിരോധനം ഇടക്കാല സർക്കാർ പിൻവലിച്ചത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യയിലെ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിലെ പ്രളയത്തിന് കാരണമെന്ന ആരോപണം വിദേശ മന്ത്രാലയ വക്താവ് തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഭരണത്തലവന്മാരുടെ കൗൺസിലിന് ആതിഥേയത്വം വഹിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ക്ഷണം ഇന്ത്യ സ്വീകരിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, ഒക്ടോബറിൽ നടക്കുന്ന രണ്ട് ദിവസത്തെ പരിപാടിക്കുള്ള ക്ഷണം മോദിക്ക് കിട്ടിയെന്ന് വിദേശ മന്ത്രാലയം വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.