പബ്ജി പ്രണയകഥ: യുവതിയെ തിരികെ പാകിസ്താനിലേക്ക് അയക്കണമെന്ന് തീവ്ര വലതുപക്ഷ സംഘടനകൾ
text_fieldsന്യൂഡൽഹി: പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനുമായി ജീവിക്കാൻ ഇന്ത്യയിലേക്ക് കടന്ന പാക് യുവതിയെ തിരികെ അയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്ത്. ജൂലൈ ആദ്യവാരമായിരുന്നു സീമ ഹൈദർ എന്ന പാക് യുവതി കാമുകനോടൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലെത്തുന്നത്. ഇവരെയും മക്കളെയും 72 മണിക്കൂറിനുള്ളിൽ പാകിസ്താനിലേക്ക് തിരികെ അയക്കണമെന്നാണ് വലതുപക്ഷ സംഘടനകളുടെ ആവശ്യം. സീമ ഹൈദർ പാകിസ്താന്‍റെ ചാരനാണെന്നും ഇവരെ പുറത്താക്കിയില്ലെങ്കിൽ അത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും തീവ്ര വലതുപക്ഷ സംഘടനയായ ഗോ രക്ഷ ഹിന്ദു ദൾ ആരോപിച്ചു.
സീമയെയും മക്കളെയും നാടുകടത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശി സച്ചിൻ എന്ന യുവാവുമായായിരുന്നു സീമ പ്രണയത്തിലായത്. സീമയും ഭർത്താവ് ഗുലാം ഹൈദറും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിനുമായി ജീവിക്കാൻ സീമ ഇന്ത്യയിലെത്തുന്നത്. സീമയ്ക്കൊപ്പം നാല് മക്കളും നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്.
സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്ന ഗുലാം ഹൈദർ വിവരമറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ഭാര്യയെയും മക്കളെയും സുരക്ഷിതമായി പാകിസ്താനിലേക്ക് തിരികെയെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. മോദി സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും, തൻ്റെ കുടുംബത്തെ ഇന്ത്യയിലേക്ക് കടത്താൻ പബ്ജിയെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.