നേർച്ച നിറവേറിയില്ല, പാതിവഴിയിൽ വിടപറഞ്ഞ് ഉറ്റവർ
text_fieldsതിരുവനന്തപുരം: നേർച്ചനേർന്ന പ്രകാരം കുഞ്ഞിന്‍റെ മുടി കളയാൻ പഴനിയിലേക്ക് പോയവരിൽ കുരുന്നടക്കം മൂന്നുപേരുടെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പുകയാണ് കുര്യാത്തി. ഉറ്റവരുടെ വേർപാട് താങ്ങാനാകാതെ കണ്ണീരണിയുകയാണ് ഒരു നാട്. ദിണ്ടിഗല്‍-പളനി റോഡില്‍ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തുനിന്ന് തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച കാർ ബസുമായി ഇടിച്ച് അപകടമുണ്ടാകുന്നത്. ശൈലജ, ഒന്നരവയസ്സുള്ള ആരവ്, ജയ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു എട്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.
ട്രെയിൻ മാർഗം പഴനിയിലേക്ക് പോകാനായിരുന്നു കുടുംബത്തിന്‍റെ ആദ്യ തീരുമാനമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തിരക്കുകാരണം ടിക്കറ്റ് കിട്ടാഞ്ഞതിനാൽ യാത്ര ഉപേക്ഷിച്ചു. പിന്നീടാണ് കാർ മാർഗം പോകാമെന്ന തീരുമാനമെടുത്ത്. കാർ വാടകക്കെടുത്തായിരുന്നു യാത്ര. സംഘത്തിലുണ്ടായിരുന്നവരെല്ലാം ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഘം യാത്ര തിരിച്ചത്. ഓണത്തിന് കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നതിന്‍റെയും ഒപ്പം തീർഥാടനത്തിന്‍റെയും സന്തോഷത്തിലായിരുന്നു കുടുംബം. അഭിജിത്ത്-സംഗീത ദമ്പതികൾക്ക് മൂന്നരവർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് ആരവെന്ന് ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ പഴനിയിലെത്തി മുടി കളയാമെന്ന് നേർച്ച നേർന്നിരുന്നു. ഇത് നിറവേറ്റാണുള്ള യാത്രയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയത്. യാത്രാമധ്യേ വാഹനത്തിന്‍റെ ടയർ പൊട്ടി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഇതിനുശേഷം ദിശ തിരിഞ്ഞ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.