മോദിയുമായി അടിയന്തര കൂടിക്കാഴ്ചക്ക് പളനിസാമി ഡൽഹിയിൽ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ അടിയന്തരമായി ഡൽഹിയിൽ എത്തി. ബുധനാഴ്ച രാവിലെ 11 മണിക്ക് നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ സംസ്ഥാനത്തിന് വിവിധ പദ്ധതികളിൽ ലഭിക്കേണ്ട കേന്ദ്ര ഫണ്ടുകൾക്ക് പുറമെ രാഷ്ട്രീയംകൂടി വിഷയമാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് അണ്ണാ ഡി.എം.കെ അമ്മ പക്ഷത്തിെൻറ പിന്തുണ പളനിസാമി ഉറപ്പുനൽകുമെന്ന് സൂചനയുണ്ട്.
എതിർപക്ഷമായ അണ്ണാ ഡി.എം.കെ പുരട്ച്ചിതലൈവി അമ്മ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവം ദിവസങ്ങൾക്കു മുമ്പ് മോദിയെ കണ്ട് പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകിയ നടൻ രജനീകാന്തിനെ കാണാൻ മോദി താൽപര്യം പ്രകടിപ്പിക്കുകയും അടുത്തുതന്നെ കൂടിക്കാഴ്ച നടക്കാനും സാധ്യത ഉരുത്തിരിഞ്ഞതിനിടെയാണ് പെെട്ടന്നുള്ള ഡൽഹി യാത്രക്ക് പളനിസാമി മുൻകൈയെടുത്തത്.
വരൾച്ച, കുടിവെള്ള, നദീജല, കർഷക പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം കൈമാറും. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഒപ്പമുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പളനിസാമിയുടെ വിശ്വസ്തനും വൈദ്യുതി മന്ത്രിയുമായ പി. തങ്കമണി രണ്ടാഴ്ച മുമ്പ് മോദിയെയും കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ് നാഥ് സിങ് എന്നിവരെയും കണ്ടിരുന്നു.
ഭരണ, സംസ്ഥാന വിഷയങ്ങൾക്കുപരി ഭരണ പ്രതിസന്ധി മറികടക്കാൻ രാഷ്്ട്രീയ പിന്തുണ തേടാനും പളനിസാമി കൂടിക്കാഴ്ച ഉപയോഗപ്പെടുത്തും. മന്ത്രിമാരുടെ വീടുകളിലുൾപ്പെടെ ആദായനികുതി പരിശോധനകളിൽ ലഭിച്ച തെളിവുകൾ പളനിസാമിയിലേക്കും എത്തുന്നത് തടയിടുകയും ലക്ഷ്യമിടുന്നുണ്ട്.
സാമ്പത്തിക തിരിമറികളിൽ കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയതോടെ സമ്മർദത്തിലായ പളനിസാമി കേന്ദ്ര സർക്കാറിനെ വിമർശിക്കരുതെന്ന് പാർട്ടി നേതാക്കൾക്കും എം.എൽ.എമാർക്കും കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെ തുടർച്ചായി രണ്ടാം ദിവസവും പാർട്ടി എം.എൽ.എമാരുടെ കൂട്ടം പളനിസാമിയെയും മന്ത്രിമായെും സെക്രേട്ടറിയറ്റിൽ സന്ദർശിച്ചു.
മുൻ മന്ത്രിമാരായ വി. സെന്തിൽ ബാലാജി, എൻ. വെങ്കടാചലം, പി. പളനിയപ്പൻ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച എട്ടുപേരെത്തിയിരുന്നു. 10പേരടങ്ങിയ മറ്റൊരു സംഘം ചൊവ്വാഴ്്ച എത്തിയത് സർക്കാറിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും പാർട്ടിയുെട പുനരൈക്യം സാധ്യമാക്കണമെന്നും ഉടൻ പാർട്ടി എം.എൽ.എമാരുടെ േയാഗം വിളിക്കണമെന്നും ഉള്ള ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.