'പാൽത്തു കുമാർ'; നിതീഷ് കുമാറിന്റെ രാഷ്ട്രീയ 'യു-ടേണുകൾ'
text_fields2023 ജനുവരി 30ന് നടത്തിയ പ്രസംഗത്തിനിടെ എൻ.ഡി.എക്കൊപ്പം കൂടുന്നതിലും ഭേദം മരണമാണെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു. പരാമർശം ഒരു വർഷം തികയും മുമ്പേയാണ് 2024 ജനുവരി 28ന് രാജ്ഭവനിലെത്തി നിതീഷ് കുമാർ രാജിക്കത്ത് നൽകിയത്. താൻ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെന്നും രാജിവെക്കുന്നുവെന്നുമായിരുന്നു മഹാസഖ്യത്തിൽ നിന്നുമുള്ള മാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ പരാമർശം.
18 മാസത്തിനുള്ളിൽ നിതീഷ് കുമാറിൻ്റെ രണ്ടാമത്തെ സുപ്രധാന രാഷ്ട്രീയ വഴിത്തിരിവും, കഴിഞ്ഞ 11 വർഷത്തിനിടെ നാലാമത്തേതുമാണിത്. ബിഹാറിലെ രാഷ്ട്രീയ രംഗത്ത് "പൽത്തു റാം" എന്നറിയപ്പെടുന്ന നിതീഷ് കുമാർ ബി.ജെ.പി പക്ഷത്തുനിന്ന് ആർ.ജെ.ഡി പക്ഷത്തേക്കും തിരിച്ചുമുള്ള യാത്രയിലാണ്. ഒടുവിലത്തെ കൂറുമാറ്റത്തിന് പിന്നാലെ നിതീഷ് കുമാർ ഓന്തിനെപ്പോലെയാണെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ബി.ജെ.പിയുമായുള്ള കൂടിച്ചേരലും പിരിയലും കണക്കിലെടുത്താൽ നിതീഷിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ പോലും സാധ്യതയുള്ളതാണെന്ന് ഭഗൽപൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ അജീത് ശർമ പരിഹസിച്ചിരുന്നു.
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അവസരവാദിയെന്നും നിലപാടില്ലാത്ത നേതാവെന്നും (പൽത്തു) തുടങ്ങി നിരവധി പട്ടങ്ങൾ നിതീഷ് കുമാർ സ്വന്തമാക്കിയിരുന്നു. അതേസമയം, അഴിമതിയും സ്വജനപക്ഷപാതവും ദുർഭരണവുമില്ലാത്ത, മതഭൂരിപക്ഷ വാദത്തോട് വഴങ്ങാത്ത നിതീഷ് കുമാറിനെ ആരാധിക്കുന്നവരും ഏറെയാണ്.
1970കളിൽ ബിഹാർ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കുമാർ, പിന്നീട് ജനതാ പാർട്ടിയിൽ ചേർന്നു. 1985ൽ ബിഹാർ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി തവണ നിയമസഭാംഗമായിരുന്നു. 1994ലാണ് നിതീഷ് കുമാറിന്റെ ആദ്യ പാർട്ടി മാറ്റം. അന്ന് മുതിർന്ന സോഷ്യലിസ്റ്റ് നേതാവായ ജോർജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം. 1996ൽ സമതാ പാർട്ടി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) പ്രധാന സഖ്യകക്ഷികളിൽ ഒരാളായി മാറി.
1998നും 2004നുമിടയിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള നാഷനൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) ഗവൺമെൻ്റിൽ റെയിൽവേയുടെയും ഗതാഗതത്തിൻ്റെയും നിർണായക വകുപ്പുകൾ ഉൾപ്പെടെ നിരവധി കേന്ദ്ര മന്ത്രാലയങ്ങളുടെ തലവനായിരുന്നു നിതീഷ്.
2000ത്തിലാണ് നിതീഷ് കുമാർ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ ഫ്ലോർ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ രാജിവെച്ചു. 2003ൽ നിതീഷ്-ഫെർണാണ്ടസ് സംഘത്തിന്റെ സമതാ പാർട്ടി ശരദ് യാദവിന്റെ ജനതാദൾ യുനൈറ്റഡുമായി (ജെ.ഡി.യു) സഖ്യത്തിലെത്തി. ബി.ജെ.പിയുമായ സഖ്യമുണ്ടായിരുന്ന ജെ.ഡി.യു, 2005ൽ 15വർഷം നീണ്ട ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ തൂത്തുവാരി തെരഞ്ഞെടുപ്പിൽ വിജയിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 2010ലും ബി.ജെ.പി-ജെ.ഡി.യു സഖ്യം ബിഹാറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2014 ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതാണ് നിതീഷ് കുമാറും പാർട്ടിയും തമ്മിലുള്ള ഭിന്നതയുടെ തുടക്കം. മതേതര മൂല്യങ്ങൾ രാഷ്ട്രീയ ജീവിതത്തിലുടനീളം ഊന്നൽ നൽകിയ നിതീഷ് 2013ൽ ബി.ജെ.പിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ നിതീഷ് പരാജയം രുചിച്ചു. ഇതോടെ 2015 ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർ.ജെ.ഡി, കോൺഗ്രസ്, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവ ചേർത്ത് നിതീഷ് കുമാർ മഹാസഖ്യം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയിച്ചു. ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് തുടർന്നു. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ, 2017ൽ നിതീഷ് കുമാർ രാഷ്ട്രീയ ജീവിതത്തിൽ വീണ്ടുമൊരു യു-ടേൺ അടിച്ചു, തിരികെ എൻ.ഡി.എക്കൊപ്പം ചേർന്നു. 2020ലെ തെരഞ്ഞെടുപ്പിൽ നിതീഷ് വീണ്ടും വിജയിച്ചു. അന്ന് ബി.ജെ.പി 74 സീറ്റ് നേടിയപ്പോൾ ജെ.ഡി.യു 43 സീറ്റിലേക്ക് ചുരുങ്ങി. 2022ലായിരുന്നു നിതീഷിന്റെ അടുത്ത യു-ടേൺ, തിരികെ മഹാസഖ്യത്തിനൊപ്പം. പിന്നീട് രണ്ട് വർഷത്തിലധികം നീണ്ട സഖ്യം ജനുവരി 28ന് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.