സ്പുട്നിക് വാക്സിൻ: പനസിയ ബയോടെക്കിന് ഡി.സി.ജി.ഐ ലൈസൻസ്; പ്രതിവർഷം 100 മില്യൺ ഡോസ് ഉൽപാദിപ്പിക്കും
text_fieldsന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് V ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിന് പ്രമുഖ ഫാർമ കമ്പനിയായ പനസിയ ബയോടെക്കിന് ദി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസൻസ്. സ്പുട്നിക് വാക്സിൻ പ്രാദേശികമായി ഉൽപാദിപ്പിക്കാൻ ലൈസൻസ് ലഭിക്കുന്ന ആദ്യ കമ്പനിയാണ് പനസിയ. വാക്സിന്‍റെ അന്താരാഷ്ട്ര ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും ചുമതലയുള്ള റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി (ആർ.ഡി.ഐ.എഫ്) സ്പുട്നിക് ഉൽപാദനത്തിൽ പങ്കാളിയായ ആറ് കമ്പനികളിൽ ഒന്ന് പനസിയ ബയോടെക് ആണ്.
പനസിയയുടെ ഹിമാചൽപ്രദേശിലെ ബഡ്ഡിയിലുള്ള നിർമാണശാലയിലുണ്ടാക്കിയ സ്പുട്നിക് വാക്സിന്‍റെ ആദ്യബാച്ച് ഇൗ വർഷം മേയ് അവസാനവാരം റഷ്യയിലെ ഗമലേയ സെന്‍ററിന് അയച്ചുകൊടുത്തിരുന്നു. ഗമലേയ സെന്‍ററിലെ എല്ലാ ഗുണനിലവാര പരിശോധനകളും വിജയകരമായി പിന്നിട്ട വാക്സിൻ ഹിമാചൽ പ്രദേശിലെ കസോളിയിലുള്ള സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലെ പരിശോധനകളും വിജയിച്ചിരുന്നു. ഈ പരീക്ഷണ വിജയങ്ങളും ഇപ്പോൾ ലഭിച്ച ഡി.സി.ജി.ഐ ലൈസൻസും കമ്പനിക്ക് ലഭിച്ച മികച്ച അംഗീകാരമാണെന്ന് പനസിയ ബയോടെക് മാനേജിങ് ഡയറക്ടർ രാജേഷ് െജയ്ൻ പറഞ്ഞു.
പ്രതിവർഷം 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് ആർ.ഡി.ഐ.എഫുമായി ധാരണയായിരിക്കുന്നതെന്ന് പനസിയ വൃത്തങ്ങൾ അറിയിച്ചു. സ്പുട്നിക് വാക്സിന്‍റെ വിതരണത്തിന് ആർ.ഡി.ഐ.എഫുമായി ധാരണയുണ്ടാക്കിയിരിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി വഴിയായിരിക്കും പനസിയ ഉൽപാദിപ്പിക്കുന്ന വാക്സിനും വിതരണം ചെയ്യുക. 250 മില്യൺ ഡോസുകൾ വിതരണം ചെയ്യുന്നതിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറിയും ആർ.ഡി.ഐ.എഫും ധാരണയായിരിക്കുന്നത്.
ഏപ്രിൽ 12നാണ് സ്പുട്നിക് Vക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നൽകിയത്. മേയ് 14 മുതൽ ഈ വാക്സിൻ ഇന്ത്യയിൽ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്. വിശാഖപട്ടണം, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ബഡ്ഡി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ സ്പുട്നിക് വാക്സിൻ നൽകുന്നുണ്ട്. 67 രാജ്യങ്ങളാണ് സ്പുട്നിക് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. രണ്ട് ഡോസ് സ്പുട്നിക് വാക്സിൻ എടുക്കുന്നത് കോവിഡ് പ്രതിരോധത്തിൽ 91.6 ശതമാനം വിജയകരമാണെന്നാണ് ഗമലേയ സെന്‍റർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.