പാനമ രേഖ: 415 പേര്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
text_fieldsന്യൂഡല്‍ഹി: പ്രമുഖരുടെ കള്ളപ്പണ നിക്ഷേപം പുറത്തുവിട്ട പാനമ രേഖകളില്‍ പേരുള്ള 415 ഇന്ത്യക്കാര്‍ ആദായനികുതി വകുപ്പിന്‍െറ സൂക്ഷ്മനിരീക്ഷണത്തില്‍. ഇതില്‍ ഒമ്പതുപേരുടെ ആസ്ഥാനങ്ങളില്‍ പരിശോധനയും നടത്തി. പാനമ രേഖകളില്‍ പേരുള്ള ഇന്ത്യക്കാരുടെ വിദേശത്തെ ആസ്തി സംബന്ധിച്ച വിവരം തേടി ധനകാര്യവകുപ്പിനു കീഴിലെ വിദേശ നികുതി വിഭാഗം കത്തയച്ചിട്ടുണ്ട്. സൂക്ഷ്മനിരീക്ഷണത്തിലുള്ളവര്‍ക്ക് ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപ്, ബഹാമസ്, ലക്സംബര്‍ഗ്, ജെഴ്സി, സിഷെല്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഏപ്രിലില്‍ പാനമ രേഖകള്‍ പുറത്തുവന്നശേഷം കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുന്നു. 100ലേറെ മാധ്യമ സ്ഥാപനങ്ങള്‍ അടങ്ങിയ ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ട്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സാണ് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങളടങ്ങിയ പാനമ രേഖകള്‍ ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. രണ്ടുലക്ഷത്തി പതിനാലായിരം അക്കൗണ്ടുകളെക്കുറിച്ച വിവരങ്ങളാണ് രേഖകളിലുള്ളത്. ഇതില്‍ അഞ്ഞൂറിലേറെ ഇന്ത്യക്കാരുടെയും നാല്‍പതോളം ഇടനിലക്കാരുടെയും വിവരങ്ങളുമുണ്ട്.
1977 മുതല്‍ 2015 വരെയുള്ള നിക്ഷേപ വിവരങ്ങളാണ് രേഖകളിലുള്ളത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റോയ് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പാനമ രേഖകളില്‍ ഇടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.