സേവന നിറവിൽ പെരുവായി പഞ്ചായത്ത് പ്രസിഡന്റ്
text_fieldsമംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ താലൂക്കിലെ പെരുവായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നഫീസ ഡൽഹിയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ അതിഥി. പ്രത്യേക ക്ഷണം ലഭിച്ച അവർ ബുധനാഴ്ച പുറപ്പെട്ടു.
വികസന, മാലിന്യ നിർമാർജന, സാമൂഹിക സേവന, വിദ്യാഭ്യാസ, സ്ത്രീ ശാക്തീകരണ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കോൺഗ്രസുകാരിയായ നഫീസക്ക് കേന്ദ്ര സർക്കാറിന്റെ ആദരം. സ്ത്രീ ശാക്തീകരണം അധരവ്യായാമത്തിലല്ല കർമത്തിലാവണമെന്ന് തെളിയിച്ച പ്രവൃത്തികളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്രൈവർ ഇല്ലാതായ ദിവസം ഖരമാലിന്യം ശേഖരിക്കുന്ന ലോറി ഓടിച്ച് പഞ്ചായത്ത് പ്രസിഡന്റ് വീടുകളുടെ പടിക്കൽ എത്തിയത് നാട്ടുകാർക്ക് വിസ്മയക്കാഴ്ചയായി. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം അവരിൽ ഒരാളായി ജോലി ചെയ്യുന്നതാണ് പ്രസിഡന്റിന്റെ രീതി. മൂന്ന് വാർഡുകളും ജനസംഖ്യാനുപാതികമായി എട്ട് അംഗങ്ങളുമുള്ള പഞ്ചായത്തിൽ ഒന്നാം വാർഡ് പ്രതിനിധാനം ചെയ്യുന്ന മൂന്ന് അംഗങ്ങളിൽ ഒരാളാണ് നഫീസ. രണ്ടാം വാർഡിൽ മൂന്ന്, മൂന്നാം വാർഡിൽ രണ്ട് എന്നിങ്ങനെയാണ് മറ്റു അംഗങ്ങൾ.
സഞ്ചാരയോഗ്യ പാതകൾ, അംഗൻവാടികൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മികവുറ്റ നേതൃത്വം നൽകാൻ കഴിഞ്ഞതിന്റെ കൂടിയാണ് അംഗീകാരം. സ്വന്തം പണം മുടക്കി പുസ്തകങ്ങൾ വാങ്ങി വീടുകളിൽ എത്തിച്ച് പാവപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള പ്രസിഡന്റിന്റെ കരുതൽ പ്രശംസനീയമാണ്. കർണാടക ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ ഖരമാലിന്യ സംസ്കരണ, നിർമാർജന റിസോഴ്സ് പേഴ്സനാണ് നഫീസ. ലോക യുവജന ദിനത്തിൽ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ നഫീസയെ മുഖ്യമന്ത്രി ആദരിച്ചിരുന്നു.
ഡൽഹിയിൽ അതിഥിയായി ക്ഷണം ലഭിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അനുമോദിച്ചു. ‘‘വലിയ സന്തോഷം, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല ഈ ആദരവ്...’’ ഡൽഹിക്ക് തിരിക്കും മുമ്പ് നഫീസ ‘മാധ്യമ’ത്തോട് പറഞ്ഞു. അൽഫാസ്, അഫ്ന, അയിശ എന്നീ മക്കളെ ചേർത്തു പിടിച്ച് ഷാർജയിലുള്ള ഭർത്താവ് മുഹമ്മദ് ഹനീഫുമായാണ് ഈ 31കാരി സന്തോഷം ആദ്യം പങ്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.