ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ് ബാധിച്ച് മരിച്ചു; യു.പി ആശുപത്രിക്കെതിരെ കുടുംബം
text_fieldsലഖ്നോ: പദ്മ വിഭൂഷൺ ജേതാവ് ചന്നുലാൽ മിശ്രയുടെ മകൾ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചന്നുലാൽ മിശ്രയുടെ മകൾ സംഗീതയാണ് കോവിഡ് ബാധിച്ച് ഉത്തർപ്രദേശിലെ വാരാണസിയിലെ ആശുപത്രിയിൽവെച്ച് മരിച്ചത്.
ഏപ്രിൽ 26ന് മിശ്രയുടെ ഭാര്യ മനോരമ മിശ്ര കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വാരാണസിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 76കാരിയുടെ അന്ത്യം. അതിനുപിന്നാലെ മേയ് ഒന്നിനായിരുന്നു സംഗീതയുടെ മരണം.
ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയുമാണ് സംഗീതയുടെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി മിശ്രയുടെ ഇളയമകൾ നമ്രത രംഗത്തെത്തി. ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
സംഗീത മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും മരണവിവരം, മറ്റു രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ കൈമാറാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. ഇതിൽ പ്രകോപിതയായ നമ്രത ആശുപത്രിയിലെത്തുകയും ബഹളം വെക്കുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും രോഗികളെ കൊള്ളയടിക്കുകയാണെന്നും അവർ പറഞ്ഞു. ഒരു മണിക്കൂറോളം അവിടെ സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് ആശുപത്രിക്കെതിരെ പരാതി നൽകാൻ പോകുകയായിരുന്നു.
ഛർദ്ദിയും പനിയും തുടങ്ങിയതോടെ ഒന്നരലക്ഷം രൂപ കെട്ടിവെച്ചാണ് സംഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംഗീതയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറാമെന്ന് അധികൃതർ നമ്രതക്ക് ഉറപ്പുനൽകി. കൂടാതെ സംഗീതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഏപ്രിൽ 29ന് സംഗീതയുടെ ആരോഗ്യനില മോശമാണെന്ന് കുടുംബത്തെ അധികൃതർ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു. ആശുപത്രി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടതിന് ശേഷമാണ് സംഗീതയുടെ മൃതദേഹം കുടുംബത്തിന് കാണിക്കാൻ തയാറായത്. എന്നാൽ രോഗിയുടെ മറ്റു വിവരങ്ങൾ കൈമാറാൻ അധികൃതർ തയാറായിരുന്നില്ല. ഇതോടെയാണ് കുടുംബം ആശുപത്രിയുടെ അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായെത്തിയത്.
ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതജ്ഞനായ ചന്നുലാൽ മിശ്ര 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർേദശകൻ കൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.