പാൻഡോറ വെളിപ്പെടുത്തൽ: വിവിധ ഏജൻസികൾ അന്വേഷിക്കും
text_fieldsന്യൂഡൽഹി: സചിൻ ടെണ്ടുൽകറും വ്യവസായി അനിൽ അംബാനിയുമുൾപ്പെടെ പ്രമുഖരുടെ രഹസ്യ നിക്ഷേപങ്ങളുടെ നിലവറ തുറന്ന പാൻഡോറ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ വിവിധ ഏജൻസികെള ചുമതലപ്പെടുത്തി കേന്ദ്ര സർക്കാർ.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം എന്നിവ സംയുക്തമായാണ് അന്വേഷിക്കുക. നിരവധി രാജ്യങ്ങളിലെ ഭരണാധികാരികളെയും പ്രമുഖരെയും കുരുക്കിയ പാൻഡോറ രേഖകളിൽ 380 ഇന്ത്യക്കാരുള്ളതായാണ് റിപ്പോർട്ട്. ഇതിൽ 60 പ്രമുഖരുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചതായി അന്വേഷണത്തിെൻറ ഭാഗമായ 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജസ്ഥാൻ റോയൽസ്- കിങ്സ് ഇലവൻ പഞ്ചാബ് ടീമുകൾ, സൈനിക രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി എന്നിവരുടെ പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ ടീം ഉടമകളായ റോയൽ മൾട്ടിസ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡും പഞ്ചാബ് ഉടമകളായ കെ.പി.എച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ നികുതി വെട്ടിച്ച് സ്ഥാപനങ്ങൾ തുടങ്ങി പണം നിക്ഷേപിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ഉപജ്ഞാതാവായ ലളിത് മോദിയുമായും ഇവക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ, ബ്രിട്ടീഷ് കോടതിയിൽ പാപർ ഹരജി നൽകിയ വ്യവസായി അനിൽ അംബാനി, ബയോകോൺ സംരംഭക കിരൺ മജുംദാർ ഷാ തുടങ്ങിയവരുടെ വിദേശ നിക്ഷേപങ്ങളെ കുറിച്ച വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
14 കമ്പനികളിൽനിന്നുള്ള 1.4 കോടി വിവരങ്ങൾ അരിച്ചുപെറുക്കിയാണ് നികുതി വെട്ടിച്ച് വിവിധ രാജ്യങ്ങളിലെ പ്രമുഖർ 'നികുതി സ്വർഗങ്ങളി'ൽ ആരംഭിച്ച 29,000 വ്യാജ കമ്പനികളുടെ വിവരങ്ങൾ കണ്ടെത്തിയത്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ രാജ്യാന്തര കൺസോർട്യം രണ്ടു വർഷമെടുത്ത് നടത്തിയ അന്വേഷണം വിവിധ രാജ്യങ്ങളിൽ ഇതിനകം ശക്തമായ പ്രതികരണത്തിനിടയാക്കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ഉരുക്ക് വ്യവസായി എൽ.എൻ. മിത്തലിെൻറ ഇളയ സഹോദരൻ പ്രമോദ് മിത്തൽ, 88,000 കോടി ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി, 2ജി സ്പെക്ട്രം കേസിൽ പ്രതി ചേർക്കപ്പെട്ട ഡൽഹി വ്യവസായി തുടങ്ങി നിരവധി പേരുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. റിട്ട. ലഫ് ജനറൽ രാകേഷ് കുമാർ ലൂംബ, മകൻ രാഹുൽ ലൂംബക്കൊപ്പം സീഷെൽസിൽ കമ്പനി തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.