ഒരേസമയം പല കോളജുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ: തട്ടിപ്പ് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു
text_fieldsചെന്നൈ: 350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ടിനേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉഷ നടേശൻ, അണ്ണാ സർവകലാശാല ഇലക്ട്രോണിക്സ് വിഭാഗം പ്രഫസർ എൻ. കുമരവേൽ, സാങ്കേതിക വിദ്യാഭ്യാസ ഡയക്ടറേറ്റ് കമീഷണർ ടി. അബ്രഹാം എന്നിവരാണ് സമിതി അംഗങ്ങൾ.
തട്ടിപ്പിന്‍റെ ഭാഗമായ അറുപതിലേറെ കോളജുകൾക്കെതിരെ അടുത്തയാഴ്ച അന്വേഷണമാരംഭിക്കും. കുറ്റം തെളിഞ്ഞാൽ കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ. വേൽരാജ് വ്യക്തമാക്കി.
സർവകലാശാല ചാൻസർ കൂടിയായ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നു സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു കണ്ടെത്തിയത്. ക്രമക്കേട് നടന്നതായി സമ്മതിച്ച അണ്ണാ സർവകലാശാല റിപ്പോർട്ട് ഉടൻ നൽകുമെന്ന് അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയും സർവകലാശാലയിൽനിന്ന് വിശദീകരണം തേടുമെന്നാണു സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.