ഗുജറാത്തിൽ 400 പേർ മരിച്ച ഗവ. ആശുപത്രിയെ കുറിച്ച് അന്വേഷിക്കണം -ഹൈകോടതി
text_fieldsഅഹ്മദാബാദ്: 400 ഓളം കോവിഡ് രോഗികൾ മരിച്ച അഹ്മദാബാദിലെ ഗവ. സിവിൽ ആശുപത്രിയിലെ സ്ഥിതിഗതികൾ അന്വേഷണവിധേയമാക്കണമെന്ന് ഗുജറാത്ത് ഹൈകോടതി. അന്വേഷണത്തിന് സ്വതന്ത്ര ഡോക്ടർമാരുടെ സമിതി രൂപവത്കരിക്കാൻ സംസ്ഥാന സർക്കാറിനോട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സമിതിയിൽ സർക്കാർ ഉദ്യോഗസ്ഥരോ ആശുപത്രിയുമായി ബന്ധപ്പെട്ടവരോ ഉൾപ്പെടരുെതന്നും ഉത്തരവിൽ വ്യക്തമാക്കി.
ആശുപത്രിയുടെ മോശം നടത്തിപ്പിനെ കോടതി രൂക്ഷമായി വിമർശിച്ചു. കാര്യങ്ങൾ മനസ്സിലാക്കാൻ ജഡ്ജിമാർ മിന്നൽ സന്ദർശനം നടത്തുമെന്നും സൂചന നൽകി. “സിവിൽ ആശുപത്രി അധികൃതർ ഒരു സുപ്രഭാതത്തിൽ ഞങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുക. ഇത് എല്ലാ വിവാദങ്ങൾക്കും അറുതി വരുത്തും’’ -ജസ്റ്റിസ് ജെ.ബി. പാർദിവാല പറഞ്ഞു.
ആശുപത്രിയിലെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ഒരു റസിഡൻറ് ഡോക്ടർ കോടതിക്ക് ഊമക്കത്ത് എഴുതിയിരുന്നു. ഈ കത്തിന് യാതൊരു പ്രാധാന്യവും നൽകരുതെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ച് നിരസിച്ചു. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു വസ്തുതയും ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാറിെൻറ പക്ഷം. എന്നാൽ, അങ്ങനെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
‘‘ആ അജ്ഞാത ഡോക്ടർ ആരോപിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും കത്തിെൻറ ഉള്ളടക്കം വളരെ സൂക്ഷ്മമായി പരിശോധിക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ, സംസ്ഥാന സർക്കാർ ഇത് ചവറ്റുകുട്ടയിൽ തള്ളിക്കളഞ്ഞതായി തോന്നുന്നു” -കോടതി പറഞ്ഞു.
ചൊവ്വാഴ്ച 361 പുതിയ കോവിഡ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 14,829 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 27 പേർ മരണപ്പെട്ടു. മൊത്തം മരണസംഖ്യ 915 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.