നാഗാലാൻഡിൽ 'അഫ്സ്പ' പിൻവലിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി
text_fieldsന്യൂഡൽഹി: നാഗാലാൻഡിൽ പട്ടാളത്തിന് അമിതാധികാരം നൽകുന്ന നിയമമായ 'അഫ്സ്പ' പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാൻഡിൽ 'അഫ്സ്പ' പിൻവലിക്കലിൽ തീരുമാനമെടുക്കുക. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ.
'അഫ്സ്പ' പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നാഗാലാൻഡിൽ സൈന്യത്തിന്‍റെ വെടിവെപ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് 'അഫ്സ്പ' പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്.
നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. 'അഫ്സ്പ' പിൻവലിക്കണം എന്നാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, അസം മുഖ്യമന്ത്രി 'അഫ്സ്പ'യെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
എന്താണ് അഫ്സ്പ?
സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്.
ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിെൻറ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. സംശയത്തിെൻറ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം.
സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിന്റെ തുടർച്ചയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.