പാഠപുസ്തകങ്ങളിലെ ചരിത്രം 'തിരുത്തൽ' പാനൽ; നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ കാലഘട്ടങ്ങളുടെ അനുപാതമില്ലാത്ത പ്രാതിനിധ്യം ശരിയാക്കുക എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടി. അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ, ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ ശേഖരിക്കുന്ന സമയപരിധി ജൂലൈ 15ലേക്കാണ് നീട്ടിയത്.
നേരത്തെ, ജൂൺ 30നകം നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നാണ് പാനൽ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കാത്തതിനാലാണ് പാനൽ സമയപരിധി വീണ്ടും നീട്ടിയത്.
ബി.ജെ.പി രാജ്യസഭ എം.പിയും വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി ചെയർമാനുമായ വിനയ് സഹസ്രബുദ്ധെയാണ് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ ലക്ഷ്യങ്ങളെ കുറിച്ച് മുമ്പ് പാർലമെന്‍റിൽ വിശദീകരിച്ചത്. ഇന്ത്യയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന് ഒന്നാം സ്ഥാനം നൽകണമെന്നും 1975ലെ അടിയന്തരാവസ്ഥക്കും 1998ൽ നടത്തിയ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾക്കും ഇന്ത്യൻ വിദ്യാഭ്യാസത്തിൽ കൃത്യമായ പ്രാതിനിധ്യം ലഭിക്കണമെന്നും സഹസ്രബുദ്ധെ ചൂണ്ടിക്കാട്ടിയിരുന്നു.
ചരിത്രാതീതമായ വസ്തുതകളിലേക്കുള്ള പരാമർശങ്ങളും പാഠപുസ്തകങ്ങളിൽ ദേശീയ നായകന്മാരെ വളച്ചൊടിക്കുന്നതും ഇന്ത്യൻ ചരിത്രത്തിന്‍റെ എല്ലാ കാലഘട്ടങ്ങളിലും തുല്യമോ ആനുപാതികമോ ആയ പരാമർശങ്ങൾ ഉറപ്പു വരുത്തുന്നതിനും മികച്ച ചരിത്ര വനിതാ നായകന്മാരുടെ പങ്ക് എടുത്തു കാണിക്കുന്നതിനും വേണ്ടിയാണ് സ്കൂൾ പാഠപുസ്തകങ്ങളിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്.
ചരിത്രാതീതമായ പരാമർശങ്ങളാണ് ഒരു കൂട്ടം ചരിത്രകാരന്മാർ നടത്തിയിട്ടുള്ളതെന്ന് വിനയ് സഹസ്രബുദ്ധെ പറയുന്നു. എൻ.സി.ആർ.ടിയും ഐ.സി.ആർ.ആറും ചരിത്രരചനയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ഒരു വിഭാഗം ചരിത്രകാരന്മാരുടെ ആധിപത്യം അവസാനിപ്പിക്കണമെന്നും സഹസ്രബുദ്ധെ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.