കുടിയേറ്റ തൊഴിലാളികൾ നടന്നുപോകാൻ കാരണം വ്യാജവാർത്തയെന്ന് സർക്കാർ
text_fieldsലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾ വീടുകളിലേക്ക് നടന്നുപോകാൻ കാരണം വ്യാജ വാർത്തകളാണെന്ന് സർക്കാർ പാർലമെൻറിൽ. കോവിഡ് -19 സംബന്ധിച്ച ആഗോള അനുഭവവും അതിെൻറ പകർച്ചവ്യാധി സാധ്യതയും കണക്കിലെടുത്താണ് മാർച്ച് 24ന് രാജ്യവ്യാപക ലോക്ഡൗൺ നടപ്പാക്കിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് മറുപടിയായി ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ എത്താൻ എന്തുകൊണ്ടാണ് മൈലുകൾ നടക്കേണ്ടിവന്നതന്നായിരുന്നു ടി.എം.സി അംഗം മാല റോയ് ചോദിച്ചത്. 'ലോക്ഡൗണിെൻറ കാലാവധിയെക്കുറിച്ച് പ്രചരിച്ച വ്യാജവാർത്തകൾ കാരണം കുടിയേറ്റ തൊഴിലാളികൾ പരിഭ്രാന്തരായത് നടന്നുപോകാൻ കാരണമായി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ വേണ്ടത്ര വിതരണം ചെയ്യുന്നതിനെക്കുറിച്ച് തൊഴിലാളികൾ ആശങ്കയിലായിരുന്നു'-നിത്യാനന്ദ് റായി പറഞ്ഞു.
സർക്കാർ സ്വീകരിച്ച വിവിധ നടപടികളും അദ്ദേഹം വിശദീകരിച്ചു. 'കേന്ദ്രസർക്കാർ ഇതിനെക്കുറിച്ച് പൂർണ ബോധവാന്മാരായിരുന്നു. അനിവാര്യമായ ലോക്ഡൗൺ കാലഘട്ടത്തിൽ പൗരെൻറ ഭക്ഷണം, വെള്ളം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ മുടങ്ങാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു'-അദ്ദേഹം പറഞ്ഞു.വെറും നാല് മണിക്കൂർ നോട്ടീസിൽ സർക്കാരിന് രാജ്യവ്യാപകമായി ലോക്ഡൗൺ നടപ്പാക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് തുടർന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു.
'2020 ജനുവരി ഏഴിന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടയുടനെ അന്താരാഷ്ട്ര യാത്രകൾ കർശനമാക്കുക, പൊതുജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചു. ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡിനെ പകർവ്യാധിയായി പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിൽ വിജയിച്ച രാജ്യങ്ങളുടെ അനുഭവങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചത്'-മന്ത്രി പറഞ്ഞു.
മാർച്ച് 16 മുതൽ 23 വരെ മിക്ക സംസ്ഥാന സർക്കാരുകളും ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടിരിക്കുകയായിരുന്നെന്നും റായ് പറഞ്ഞു. രാജ്യത്ത് മാർച്ച് 24 ന് മാത്രമാണ് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിലൂടെ വൈറസ് വ്യാപനത്തെ ഇന്ത്യ വിജയകരമായി തടഞ്ഞുവെന്നും റായ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.