ഗൊരഖ്പൂരിൽ വീണ്ടും ശിശുമരണം; മൂന്ന് ദിവസത്തിനിടെ മരിച്ചത് 61 കുട്ടികൾ
text_fieldsഗോരഖ്പുർ: ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ശിശുമരണം തുടരുന്നു. മൂന്ന് ദിവസത്തിനിടെ 61 കുട്ടികൾ കൂടി മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക ജ്വരം, നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം. ആഗസ്റ്റ് 27,28, 29 തീയതികളിൽ 61 പേരാണ് ആശുപത്രിയിൽ മരിച്ചത്.
നവജാതശിശു സംരക്ഷണ യൂണിറ്റിൽ 25 പേരും ജനറൽ പീഡിയാട്രിക് വാർഡിൽ 25 പേരും എൻസെഫലിറ്റിസ് വാർഡിൽ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടർമാർ അറിയിച്ചു. ആഗസ്ത് ഒന്നു മുതൽ 28 വരെ 290 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.പി തെരഞ്ഞെടുപ്പിനായി സർക്കാർ സംവിധാനങ്ങൾ മുഴുവൻ തിരക്കിലായതിനാൽ മസ്തിഷ്കജ്വരം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ലെന്ന് ഡോക്ടർ ആർ.എൻ സിങ് വ്യക്തമാക്കി. മൺസൂൺ കനത്തതോടെ കുട്ടികൾക്കിടയിൽ വളരെയധികം രോഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്സിനേഷൻ, ക്ലോറിനേഷൻ എന്നിവ യഥാസമയം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതേ ആശുപത്രിയിൽ ഈ മാസം തുടക്കത്തിൽ 70 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിച്ചു. എന്നാൽ രോഗികളുടെ ബാഹുല്യം കാരണം ഒരു കിടക്കയിൽ വൈറസ് ബാധിതരായ മൂന്നും നാലും കുട്ടികളെ കിടത്തിയാണ് ഇപ്പോഴും ചികിത്സിക്കുന്നത്. മസ്തിഷ്കജ്വരം ചികിത്സിക്കുന്നതിൽ പ്രശസ്തമായ ഈ മെഡിക്കൽ കോളജിനെ കിഴക്കൻ യു.പിയിലെ 36 ജില്ലകളും നേപ്പാളിൽ നിന്നുള്ള രോഗികളും ആശ്രയിക്കുന്നുണ്ട്.
ആഗസ്റ്റ് 10ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കേസിൽ ബി.ആർ.ഡി മെഡിക്കൽ കോളജിലെ അന്നത്തെ പ്രിൻസിപ്പൽ ഡോ രാജീവ് മിശ്ര, ഭാര്യ ഡോ പൂർണിമ ശുക്ല എന്നിവർ അറസ്റ്റിലായിരുന്നു. യു.പി സ്പെഷൽ ടാസ്ക് ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്തത്തെ തുടർന്ന് രാജീവ് മിശ്രയെ പ്രിൻസിപ്പിൽ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. കൂടാതെ, ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ കഫീൽ അഹമ്മദിനെ യോഗി ആദിത്യനാഥ് സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.