ബദൽ കാർഷിക ബില്ലിന് പഞ്ചാബ്
text_fieldsന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമം മറികടക്കുന്ന ബദൽ നിയമനിർമാണത്തിന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ ഒരുങ്ങി പഞ്ചാബ് സർക്കാർ. കേന്ദ്രനിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ നിയമവഴികൾ ചർച്ചചെയ്തു വരുകയാണ് പഞ്ചാബ് സർക്കാർ. സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് മുഖ്യമന്ത്രി അമരീന്ദർസിങ് പൂർണപിന്തുണ പ്രഖ്യാപിച്ചു.
ബദൽ കാർഷിക നിയമത്തിന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഞ്ചാബ് സർക്കാർ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്നത്. സമരം ചെയ്യുന്ന 31 കർഷക സംഘടനാ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി ചൊവ്വാഴ്ച വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ബദൽ നിയമനിർമാണത്തിെൻറ സൂചന മുഖ്യമന്ത്രി നൽകിയത്.
ആറു ദിവസമായി അമൃത്സറിൽ റെയിൽ ഉപരോധം നടത്തിവരുന്ന കർഷകർ ഒക്ടോബർ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി ട്രെയിൻ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കറുത്ത വേഷമിട്ടാണ് കർഷകർ അമൃത്സറിൽ റെയിൽ ഉപരോധ സമരത്തിന് എത്തിയത്. വിവിധ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രനിയമത്തിനെതിരെ പ്രമേയം പാസാക്കി വരുകയാണ്. ഇതിനിടെ, ബസുമതിയിതര അരി വിൽക്കാനെത്തിയ യു.പിയിലെ കർഷകരെ ഹരിയാനയിൽ തടഞ്ഞത് പുതിയ തർക്കമായി. ഹരിയാനയിൽ കർഷകർ രജിസ്റ്റർ ചെയ്യാതെ വിൽപന നടത്താൻ പറ്റില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. കേന്ദ്രം കൊണ്ടുവന്ന നിയമപ്രകാരം ഉൽപന്നം ഏതു സംസ്ഥാനത്തും കർഷകനു വിൽക്കാം. ബി.ജെ.പി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ തർക്കം ഉടലെടുത്തത് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.