പന്നീർശെൽവത്തിന്‍റെ സഹോദരനെ അണ്ണാ ഡി.എം.കെ പുറത്താക്കി
text_fields
ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തിന്റെ സഹോദരൻ ഒ. രാജ ഉൾപ്പെടെ നാല് പ്രവർത്തകരെ അണ്ണാ ഡി.എം.കെയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ സന്ദർശിച്ചതിന് പിറകെയാണ് നടപടി.
പാർട്ടി ഭാരവാഹികളായ എസ്. മുരുകേശൻ, വൈഗൈ കറുബുജി, എസ്. സേതുപതി എന്നിവരാണ് അച്ചടക്ക നടപടിക്ക് വിധേയരായ മറ്റു മൂന്നുപേർ. വെള്ളിയാഴ്ച തിരുച്ചെന്തൂരിലായിരുന്നു വിവാദ കൂടിക്കാഴ്ച. തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ വൻ തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ ശശികലയെ പാർട്ടി നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സംഘടനാതലത്തിൽ മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ശശികല നിലവിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പര്യടനം നടത്തുകയാണ്. തെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥികളെ പിന്തുണച്ചതിന് തേനി ജില്ലയിലെ 33 ഭാരവാഹികളെ ഈയിടെ അണ്ണാ ഡി.എം.കെ പുറത്താക്കിയിരുന്നു. ഒ. രാജയെയും കൂട്ടരെയും പുറത്താക്കിയ പാർട്ടി തീരുമാനത്തിൽ ഒപ്പിട്ടിരുന്നുവെങ്കിലും ഒ. പന്നീർശെൽവം ഇവർക്ക് പരോക്ഷ പിന്തുണ നൽകുന്നതായാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.