32 വർഷം പഴക്കമുള്ള തട്ടിക്കൊണ്ടുപോകൽ കേസിൽ പപ്പു യാദവിനെ കുറ്റവിമുക്തനാക്കി
text_fieldsപട്ന: 32 വർഷം പഴക്കമുള്ള തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻ എം.പിയും ജൻ അധികാർ പാർട്ടി സ്ഥാപകനുമായ പപ്പു യാദവിനെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മധേപുര പ്രത്യേക കോടതി പപ്പു യാദവിനെ വെറുതെവിട്ടത്.
മധേപുരയിലെ മുരളിഖഞ്ച് സ്റ്റേഷനിൽ 1989ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഈ വർഷം മേയ് 11ന് പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പപ്പു യാദവിനെതിരെ തെളിവുകളില്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതായി ജസ്റ്റിസ് നിഷികാന്ത് ഠാക്കൂർ വിധിപ്രസ്താവനയിൽ പറഞ്ഞു.
നീതി വൈകിപ്പിക്കാനാകും എന്നാൽ നിഷേധിക്കാനാകില്ലെന്ന് പപ്പുയാദവ് പ്രതികരിച്ചു. രാംകുമാർ യാദവ്, ഉമാശങ്കർ യാദവ് എന്നിവരെ പപ്പു യാദവ് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ശൈലേന്ദ്ര യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഈ വർഷം മേയിൽ അറസ്റ്റിലായ ശേഷം യാദവിനെ സുപോൾ ജില്ലയിലെ ബിർപൂർ ജയിലിലാണ് പാർപ്പിച്ചത്. ജയിൽ അധികൃതർ തന്നെ പീഡിപ്പിക്കുവെന്ന് ആരോപിച്ച് അദ്ദേഹം ജയിലിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഈ വർഷം ജൂൺ ഒന്നിന് മധേപുര ജില്ല സെഷൻസ് കോടതി യാദവിന് ജാമ്യം നിഷേധിച്ചു. പിന്നീട് യാദവിനെ ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. നേരത്തെ, ആറ് മാസത്തിനകം കേസ് തീർപ്പാക്കാൻ പട്ന ഹൈകോടതി മധേപുര കോടതിക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.