പപ്പുവിന്റെ കത്രികക്ക് മൂർച്ച കുറവില്ല
text_fieldsപരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് പൂർണിയ നിശ്ശബ്ദമായിട്ടും അർജുൻ ഭവനിലെ ആരവം അടങ്ങിയില്ല. നാനാതുറകളിലുള്ള ആളുകളുടെയും അണമുറിയാത്ത പ്രവാഹം നിലച്ചില്ല. പപ്പു യാദവ് എന്ന രാജേഷ് രഞ്ജനെ ഒന്നു കണ്ട് ഈ ഘട്ടത്തിലും തങ്ങൾ ഒപ്പമുണ്ടെന്ന് അറിയിക്കണം.
നേരിൽക്കണ്ട് പിന്തുണയും പ്രാർഥനയും അറിയിക്കാനെത്തിയവരുടെ തോളിലേക്ക് പപ്പുയാദവിന്റെ കൈകൾ നീണ്ടു. ഭാരമുള്ള ആ കൈകൾ ആരുടെയെങ്കിലും തോളിലൊന്ന് വെച്ച് സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മനുഷ്യരെ അണച്ചുപിടിച്ചങ്ങനെ മുറ്റത്ത് നിർത്തിയിട്ട വാഹനത്തിലേക്ക് കയറാൻ ബിഹാർ രാഷ്ട്രീയത്തിലെ ഈ ഒറ്റയാൻ അര മണിക്കൂറിലേറെ നേരമെടുത്തു.
കൈപ്പത്തി ചിഹ്നത്തിൽ ഇൻഡ്യക്കായി മത്സരിക്കാനായിരുന്നു പപ്പുവിന്റെ മോഹമെങ്കിലും സഖ്യം വീഴുമെന്ന തേജസ്വിയുടെ ഭീഷണിക്കു മുന്നിൽ കോൺഗ്രസ് കീഴടങ്ങിയപ്പോഴാണ് പപ്പു യാദവിന് സ്വതന്ത്രനായി കത്രിക ചിഹ്നത്തിലിറങ്ങേണ്ടിവന്നതെന്ന് പൂർണിയ കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച ഡോ. ദീന ദയാൽ യാദവ് പറഞ്ഞു. ഇതുമൂലം പപ്പുവിന്റെ കോൺഗ്രസ് നേതാവായ ഭാര്യ രഞ്ജിത രഞ്ജന് സ്വന്തം ഭർത്താവിനായി വോട്ടുചോദിക്കാനായില്ല.
മണ്ണിന്റെ മണമുള്ള ഈയൊരു മനുഷ്യനെ തോൽപിക്കാനാണ് കഴിഞ്ഞ ഒരാഴ്ചയായി പൂർണിയക്ക് മേൽ വി.വി.ഐ.പി ഹെലികോപ്റ്ററുകൾ പറന്നിറങ്ങിയതെന്ന് ഉന്തുവണ്ടിക്കാരനായ റയീസ് അഹമ്മദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഇൻഡ്യ സഖ്യത്തിന്റെ ബിഹാറിലെ ഏറ്റവും വലിയ താരപ്രചാരകനായ തേജസ്വി യാദവുമെല്ലാം ലക്ഷ്യമിട്ടത് ഈയൊരു മനുഷ്യനെയാണ്.
മുസ്ലിം വോട്ടുകൾ പപ്പുവിന് പോകാതിരിക്കാൻ വല്ലതും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ പൂർണിയയിലെ മുസ്ലിം പ്രമുഖരെ കണ്ട് നടത്തിയ ചർച്ചയെക്കുറിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് അർഫീൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
വാഹനത്തിലിരുന്നിട്ടും എല്ലാവരും കൈകൊടുത്ത് തീർന്ന ശേഷമേ വാഹനമെടുക്കാൻ ഡ്രൈവറെ പപ്പു യാദവ് അനുവദിച്ചുള്ളൂ. ഒടുവിൽ വാഹനം മുന്നോട്ടുപോയിട്ടും പിരിഞ്ഞുപോകാൻ മടിച്ചുനിൽക്കുകയാണ് ആളുകൾ.
പൂർണിയയിലെ ചക്രവ്യൂഹത്തിൽപ്പെട്ട അർജുനനാണ് താനെന്നും അർജുൻ സത്യത്തോടൊപ്പമാണെങ്കിൽ പിന്നെ എന്തിന് ഭയക്കണമെന്നും വാഹനത്തിലിരുന്ന് പപ്പു യാദവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.