ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളി അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി അനീഷ് ഉൾപ്പെടെ രണ്ട് മലയാളികളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജ്യാന്തര കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.
രണ്ടാഴ്ചക്കിടെ 72 ലാൻഡ്‌ലൈൻ കണക്ഷനുകളിൽ നിന്ന് 10,000 മുതൽ 15,000 വരെ കാളുകൾ വന്നതായി ബി.എസ്.എൻ.എൽ അധികൃതർ കണ്ടെത്തിയിരുന്നു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ കാനത്തൂർ നൈനാർ കുപ്പം പ്രദേശത്തെ വാടകവീട്ടിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ബി.എസ്.എൻ.എൽ അധികൃതരും പൊലീസും നടത്തിയ റെയ്ഡിൽ ഏഴ് സിം ബോക്സുകൾ കണ്ടെടുത്തു. ഓരോ ബോക്സിലും ഒരേസമയം 32 സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാനാവും. വീടിന് 7500 രൂപയാണ് വാടക നൽകിയത്.
ബി.എസ്.എൻ.എൽ, എയർടെൽ, ജിയോ തുടങ്ങിയ കമ്പനികളെ കബളിപ്പിച്ച് രാജ്യാന്തര ഫോൺ കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റി വരുമാന നഷ്ടമുണ്ടാക്കിയതിനാണ് കേസ്. ഇതിനായി 224 ഉപഭോക്താക്കളുടെ പേരിൽ വ്യാജ സിം കാർഡുകൾ വാങ്ങി. ഇവ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് നെറ്റ്‌വർക്ക് ഉണ്ടാക്കി വ്യാജ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
എല്ലാ നമ്പറുകളും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് വാങ്ങിയത്. വിദേശത്തു നിന്നുള്ള പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വോയ്സ് ഓഫ് ഇന്‍റർനെറ്റ് പ്രോട്ടോകോൾ കാളുകൾ ചെയ്യുന്നതിനാൽ സമാന്തര എക്സ്ചേഞ്ച് മുഖേന സംസാരിക്കുന്നവരുടെ വിവരങ്ങൾ നെറ്റ്‌വർക്ക് കമ്പനികൾക്ക് ലഭ്യമാവാറില്ല. പ്രതികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.