ഭാര്യയുടെ മൃതദേഹത്തിനരികിൽ അഞ്ചു ദിവസം: കിടപ്പിലായ ഭർത്താവും യാത്രയായി
text_fieldsബംഗളൂരു: കൺമുന്നിൽവെച്ച് ഭാര്യക്ക് ഹൃദയാഘാതമുണ്ടായപ്പോൾ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി ഭർത്താവ്. കിടക്കയിൽനിന്ന് ഒന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത അയാൾ, ഭാര്യയുടെ മൃതദേഹത്തിെൻറ കൂടെ അഞ്ചു ദിവസമാണ് കിടന്നത്. പിന്നീട് അയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. കർണാടകയിലെ കാർവാറിലെ കെ.എച്ച്.ബി കോളനിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗിരിജ (55), ആനന്ദ് കോൽക്കർ (60) എന്നിവരാണ് മരിച്ചത്.
20 വർഷം മുമ്പാണ് ആനന്ദ് കോൽക്കർ ഗിരിജയെ വിവാഹം ചെയ്യുന്നത്. 2016ൽ കുളിമുറിയിൽ തെന്നിവീണതിനെതുടർന്ന് ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ആനന്ദ് ഏറെ നാൾ ചികിത്സയിലായിരുന്നു. പിന്നീട് എഴുന്നേറ്റുനടക്കാവുന്ന അവസ്ഥയിലായിരിക്കെ പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാൻപോലും കഴിയാതെ ആനന്ദ് കിടപ്പിലാകുകയായിരുന്നു. പിന്നീട് എല്ലാ കാര്യവും നോക്കിയിരുന്നത് ഭാര്യ ഗിരിജയായിരുന്നു. മക്കളില്ലാത്ത ഇവരെ ഗിരിജയുടെ സഹോദരൻ സുബ്രഹ്മണ്യയായിരുന്നു സഹായിച്ചിരുന്നത്. ബന്ധുക്കളും വരാറുണ്ടായിരുന്നില്ല.
വീടുകളിൽ ജോലിചെയ്തുകിട്ടിയിരുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചായിരുന്നു ഗിരിജ കുടുംബം പുലർത്തിയിരുന്നത്. സഹോദരിെയ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെതുടർന്ന് ഉത്തര കന്നടയിലുള്ള സുബ്രഹ്മണ്യ ഞായറാഴ്ച കാർവാറിലെത്തുകയായിരുന്നു. സഹോദരിയുടെ വീട്ടിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോഴും കുറച്ചുദിവസമായി ഗിരിജയെ കണ്ടിരുന്നില്ലെന്നാണ് പറഞ്ഞത്. ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അഴുകിയ നിലയിൽ സഹോദരിയുടെ മൃതദേഹം സുബ്രഹ്മണ്യ കാണുന്നത്. അരികിൽ ഭക്ഷണമൊന്നും ലഭിക്കാെത മൃതപ്രായനായ ആനന്ദും കിടപ്പുണ്ടായിരുന്നു.
ആനന്ദിെൻറ കട്ടിലിനു സമീപമുള്ള കസേരയിലായിരുന്ന ഗിരിജക്ക് ഹൃദയാഘാതമുണ്ടായപ്പോൾ ഒന്ന് ഒച്ചവെക്കാൻ പോലുമാകാതെ അടുത്തുകിടക്കുകയായിരുന്നു ആനന്ദ് എന്ന് സുബ്രഹ്മണ്യ പറഞ്ഞു. തുടർന്ന് പൊലീസിെൻറ സഹായത്തോടെ ആനന്ദിെന ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗിരിജയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അഞ്ചു ദിവസത്തിലധികമായി ഒരുതുള്ളി വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കിടപ്പിലായിരുന്ന ആനന്ദ് തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിൽവെച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.