പരശുരാമൻ പ്രതിമ അഴിമതി അന്വേഷണം നിലച്ചു; കോൺഗ്രസിൽ പ്രതിഷേധം
text_fieldsഅന്വേഷണം പുനരാരംഭിച്ചില്ലെങ്കിൽ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർട്ടി പരിപാടികൾ ബഹിഷ്കരിക്കുമെന്ന് കാർക്കള ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന
മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്ന കേസ് അന്വേഷണം നിലച്ചു. മുൻ ഊർജമന്ത്രിയും കാർക്കള എം.എൽ.എയുമായ വി. സുനിൽകുമാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെയും പരാതിയെയും തുടർന്നായിരുന്നു കേസെടുത്തത്.
അന്വേഷണം പുനരാരംഭിച്ചില്ലെങ്കിൽ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർട്ടി പരിപാടികൾ ബഹിഷ്കരിക്കുമെന്ന് കാർക്കള ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ, യൂത്ത് കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപ്പാട്ട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചു.
നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ച് കടത്തിക്കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തു കൊണ്ടുവന്നിരുന്നത്.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജമന്ത്രി കാർക്കള എം.എൽ.എ വി. സുനിൽ കുമാർ തന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്.
തീം പാർക്കിലേക്ക് വിനോദസഞ്ചാരികളെ വിലക്കി കാർക്കള തഹസിൽദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികൾക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഭൂനിരപ്പിൽനിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. പ്ലാസ്റ്റിക് മറയുടെ അകം ഇപ്പോൾ ശൂന്യമാണെന്ന ആരോപണം കോൺഗ്രസ് നേതാവും കാർക്കള കോർപറേഷൻ കൗൺസിലറുമായ ശുഭത റാവു ആവർത്തിച്ചു.
അരക്കു മുകളിലുള്ള ഭാഗം പ്രതിമയിൽ കാണാനില്ല. തീംപാർക്ക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികൾക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിന് എതിരെയും ശ്രീരാമസേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിക് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു.
10 കോടി രൂപ ചെലവിൽ കർണാടക വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽനിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. പാർക്കിൽ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിർമാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ടായിരുന്നു.
കോൺഗ്രസ് ഈ ആരോപണങ്ങൾ ഏറ്റുപിടിക്കുകയും പരാതി നൽകുകയും ചെയ്തതിനെത്തുടന്ന് ചുമത്തിയ കേസിന്റെ അന്വേഷണമാണ് നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.