ബ്രേക്ക് ഫാസ്റ്റിന് പൊറോട്ടയും വെള്ളവും വാങ്ങി; പണം ഗൂഗ്ൾ പെ ചെയ്തു -സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയത് ഇങ്ങനെ...
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ഗുരുതരമായി കുത്തിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി. ബ്രേക്ക് ഫാസ്റ്റിന് പൊറോട്ട കഴിച്ചതും പണം ഗൂഗ്ൾ പെ വഴി ട്രാൻസ്ഫർ ചെയ്തതുമാണ് പ്രതിയായ ബംഗ്ലാദേശ് സ്വദേശി ഷെഹ്സാദിന് വിനയായത്. പൊലീസ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. ആ സാഹചര്യത്തിലാണ് ഗൂഗ്ൾ പെ പേയ്മെന്റ് വഴിത്തിരിവായത്.
ഒരു റസ്റ്റാറന്റിൽ ജോലി ചെയ്യുകയായിരുന്നു ഷെഹ്സാദ്. നന്നായി ജോലി ചെയ്യുന്നതിന് മിക്കപ്പോഴും ഹോട്ടൽ ഉടമയുടെ അംഗീകാരവും പിടിച്ചു പറ്റിയിരുന്നു. പാണ്ഡെ എന്നാണ് ഇയാളെ വിളിച്ചിരുന്നത്. ആക്രമണം നടത്തിയ ശേഷം ഷെഹ്സാദ് ആദ്യം ദാദറിലേക്കും പിന്നീട് താനെയിലേക്കും കടന്നു.
മതിയായ രേഖകളില്ലാതെയാണ് ഷെഹ്സാദ് ഇന്ത്യയിൽ താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. താനെയിലെ റോഡരികിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇരുചക്രവാഹനത്തിലാണ് പ്രതി സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിയത്. ആക്രമണം നടത്തി തിരികെ പോയത് ബസിലും. മൊബൈൽ ഫോൺ ഓഫ് ചെയ്ത് വെച്ചിരുന്നതിനാൽ പ്രതിയുടെ ലൊക്കേഷൻ പൊലീസിന് കണ്ടെത്താനായില്ല. മോഷണത്തിനാണ് കയറിയതെങ്കിലും ബോളിവുഡ് താരത്തിന്റെ വീടാണ് അതെന്ന് പ്രതിക്ക് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെട്ട പ്രതി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെച്ച് രക്തം പുരണ്ട വസ്ത്രങ്ങൾ മാറി. അത് പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ഷെഹ്സാദ് തന്നെയാണ് പ്രതിയെന്നുറപ്പിക്കാൻ ആ വസ്ത്രം നിർണായകമാണ്. നിലവിൽ അഞ്ചുദിവസത്തേക്ക് ഷെഹ്സാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നടന്റെ വീട്ടിൽ അക്രമം നടത്താൻ ഷെഹ്സാദിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അക്രമിയുടെ ലക്ഷ്യം മോഷണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. താരം അപകടനില തരണം ചെയ്തതായാണ് വിവരം. അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട് .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.