കുട്ടികൾക്ക് സാമൂഹമാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം; സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്
text_fieldsന്യൂഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്-2023 ന്റെ കരട് രൂപം പുറത്ത്. വെള്ളിയാഴ്ചയാണ് കേന്ദ്രം കരട് രൂപം പുറത്തുവിട്ടത്. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.
കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റകൾ ഇല്ലാതാക്കാൻ കമ്പനികളോട് ആവശ്യപ്പെടാം എന്നുള്ളതാണ് കരട് നിയമത്തിലെ പ്രധാന സവിശേഷത. വ്യക്തികളുടെ ഡാറ്റകൾ ശേഖരിക്കുന്നതിൽ കമ്പനികൾ കൂടുതൽ സുതാര്യത കാണിക്കേണ്ടി വരും. ഉപയോക്‍താക്കൾക്ക് അവരുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നതിന് എന്തിനാണെന്ന് ചോദിക്കാനുള്ള അവകാശമുണ്ട്. അതുപോലെ ഡാറ്റ ലംഘനത്തിന് കമ്പനികൾ 250 കോടി രൂപ വരെ പിഴയുമൊടുക്കേണ്ടി വരും.
അതേസമയം, വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കു കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ.
നിലവിൽ 13 വയസിനു മുകളിലുള്ളവർക്ക് സാമൂഹികമാധ്യമങ്ങളിൽ സ്വന്തംഅക്കൗണ്ട് ഉണ്ടാക്കാം. എന്നാൽ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികൾക്ക് സ്വന്തമായി ഓൺലൈൻ അക്കൗണ്ട് തുടങ്ങാനാകില്ല. എന്നാൽ ഇത് ലംഘിച്ച് കുട്ടികൾ ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് നിയമത്തിന്റെ കരടിൽ പറയുന്നില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റിൽ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.