മക്കളുടെ മരണത്തിന് കാരണം വാക്സിൻ; സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് നൽകാനൊരുങ്ങി രണ്ട് ഇന്ത്യൻ കുടുംബങ്ങൾ
text_fieldsന്യൂഡൽഹി: മക്കളുടെ മരണത്തിന് കാരണം കോവിഷീൽഡ് വാക്സിനാണെന്ന ആരോപണവുമായി ഇന്ത്യൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ. ഇന്ത്യയിൽ ഉപയോഗിച്ച കോവിഷീൽഡിന്റെ നിർമാതാക്കളായ ആസ്ട്രസെനിക്ക വാക്സിൻ അപൂർവമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് വാക്സിന്റെ ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഇവർ കേസ് നൽകാൻ ഒരുങ്ങുന്നത്. ആസ്ട്രസെനിക്കയുടെ നിലപാട് തങ്ങൾക്ക് നീതികിട്ടാൻ സഹായകമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിൻ മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ഉപയോഗം മൂലം ചിലർക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥ അപൂർവമായി ഉണ്ടായിട്ടുണ്ടെന്നും ആസ്ട്രസെനിക്ക സമ്മതിച്ചത്. ആളുകളിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയാനും വാക്സിൻ കാരണമായേക്കാമെന്ന് ആസ്ട്രസെനിക്ക വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിന് ശേഷം തലച്ചോറിന് ഗുരുതര തകരാർ സംഭവിച്ച ജെയിംസ് സ്കോട്ടാണ് ആസ്ട്ര സെനിക്കക്കെതിരെ കേസ് നൽകിയത്.
ഇതിന് പിന്നാലെയാണ് റിതികയെന്ന പെൺകുട്ടിയുടെ മരണത്തിന് കാരണം വാക്സിനാണെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. പ്ലസ് ടു പഠനം പൂർത്തിയാക്കി ആർക്കിടെക്ചർ കോഴ്സിന് ചേരാനിരിക്കെ 2021ലാണ് റിതിക മരിച്ചത്. വാക്സിൻ സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെ റിതികക്ക് പനിയും ശർദ്ദിയും ഉണ്ടാവുകയായിരുന്നു. എം.ആർ.ഐ സ്കാനിങ്ങിൽ റിതികയുടെ തലച്ചോറിൽ പലയിടത്തും രക്തം കട്ടപിടിച്ചതായി കണ്ടെത്തി.
അന്ന് മരണകാരണമെന്താണെന്ന് റിതികയുടെ രക്ഷിതാക്കൾക്ക് മനസിലായിരുന്നില്ല. തുടർന്ന് ഇവർ റിതികയുടെ മരണം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിവരാവകാശ അപേക്ഷ നൽകി. വാക്സിൻ പോലുള്ള വസ്തു ഉപയോഗിച്ചതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് റിതികയുടെ മരണകാരണമെന്ന മറുപടിയാണ് ആരോഗ്യമന്ത്രാലയം നൽകിയത്.
സമാനമായ അവസ്ഥ തന്നെയാണ് കാരുണ്യ എന്ന പെൺകുട്ടിക്കും നേരിടേണ്ടി വന്നത്. 2021ൽ വാക്സിൻ സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് കാരുണ്യ മരിച്ചത്. എന്നാൽ, വാക്സിനാണ് കാരുണ്യയുടെ മരണകാരണമെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്നായിരുന്നു മരണം സംബന്ധിച്ച് പരിശോധന നടത്തിയ സമിതിയുടെ കണ്ടെത്തൽ. ആസ്ട്ര സെനിക്കയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാരുണ്യയുടെ പിതാവ് വേണുഗോപാലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.