സഭാ സ്തംഭനം: മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് അദ്വാനി
text_fieldsന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയെച്ചൊല്ലി പാര്‍ലമെന്‍റ് നടപടി തുടര്‍ച്ചയായി സ്തംഭിച്ചതില്‍ സ്പീക്കറെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. പാര്‍ലമെന്‍റ് സുഗമമായി നടത്താന്‍ സ്പീക്കറോ, പാര്‍ലമെന്‍ററികാര്യ മന്ത്രിയോ ഒന്നും ചെയ്യുന്നില്ളെന്ന് അദ്വാനി തുറന്നടിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ച ലോക്സഭ നിര്‍ത്തിവെച്ച ഉടന്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാറിനെ തന്‍െറ സീറ്റിന് അടുത്തേക്ക് വിളിച്ചായിരുന്നു അദ്വാനിയുടെ രോഷപ്രകടനം. ചര്‍ച്ചക്ക് തയാറാകാത്ത പ്രതിപക്ഷമാണ് സഭ സ്തംഭിപ്പിക്കുന്നത് എന്ന് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്ന ഭരണപക്ഷത്തിന് അദ്വാനിയുടെ വിമര്‍ശനം പ്രഹരമായി.
‘‘ആരാണ് സഭ നടത്തുന്നത്. സ്പീക്കറോ അതോ പാര്‍ലമെന്‍ററികാര്യ മന്ത്രിയോ.. അതോ സഭ സ്വയംതന്നെ നിയന്ത്രിക്കുകയാണോ. ഇക്കാര്യങ്ങളൊക്കെ ഞാന്‍ പരസ്യമായി പറയാന്‍പോവുകയാണ്. ഇരുപക്ഷവും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്’’ -കടുത്ത സ്വരത്തില്‍ അദ്വാനി പറഞ്ഞു. അദ്വാനിയുടെ വാക്കുകള്‍ പ്രസ് ഗാലറിയില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. 89കാരനായ മുതിര്‍ന്ന നേതാവിനെ തണുപ്പിക്കാന്‍ മന്ത്രി അനന്ത്കുമാര്‍ ശ്രമിച്ചുവെങ്കിലും അദ്വാനി അടങ്ങിയില്ല. സഭ നിര്‍ത്തിവെച്ചത് എത്ര നേരത്തേക്കാണെന്ന അദ്വാനിയുടെ ചോദ്യത്തിന് രണ്ടു മണിവരെയെന്ന് ലോക്സഭ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
‘‘എന്തിനാണ് ഒരു മണിക്കൂര്‍? എന്നും ബഹളമാണെങ്കില്‍ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞുകൂടേ’’ എന്ന് ക്ഷുഭിതനായി അദ്വാനി ആരോടും മിണ്ടാതെ സഭയില്‍നിന്ന് പുറത്തുപോയി. അദ്വാനിയുടെ രോഷപ്രകടനം അസ്വാഭാവികമായി കാണേണ്ടതില്ളെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അദ്ദേഹം പിതൃതുല്യനാണ്. ശീതകാല സമ്മേളനം നിശ്ചയിച്ചതിലും നേരത്തേ പിരിയില്ളെന്നും നായിഡു വ്യക്തമാക്കി.
ശീതകാല സമ്മേളനത്തിന്‍െറ മൂന്നാമത് ആഴ്ചയിലും സ്തംഭനം തുടരുകയാണ്. ഒരു ദിവസം പോലും നടപടി പൂര്‍ത്തിയാക്കാനായില്ല. ബുധനാഴ്ചയും കോണ്‍ഗ്രസ്, ടി.എം.സി, ഇടത് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ ബഹളം വെച്ചു. വോട്ടെടുപ്പില്ലാത്ത ചര്‍ച്ച മാത്രമേ അനുവദിക്കൂവെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ചുനിന്നതോടെ ലോക്സഭ ദിവസത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ നോട്ട് പ്രതിസന്ധിയെക്കുറിച്ച് തുടങ്ങിവെച്ച ചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ പ്രധാനമന്ത്രി സഭയിലത്തെി ചര്‍ച്ച കേള്‍ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു.
ചര്‍ച്ചക്കിടെ പ്രധാനമന്ത്രി സംസാരിക്കുമെന്നും മുഴുവന്‍ സമയം സഭയില്‍ ഇരിക്കാനാകില്ളെന്നുമുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ ഭരണപക്ഷവും തയാറായില്ല. പ്രതിപക്ഷം ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ജനങ്ങള്‍ എ.ടി.എമ്മിന് മുന്നില്‍ ക്യൂ നിന്ന് വലഞ്ഞിട്ടും പാര്‍ലമെന്‍റില്‍ വിശദീകരിക്കാത്ത പ്രധാനമന്ത്രിയുടെ ഏകാധിപത്യ ശൈലി തിരുത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.