സ്വകാര്യവത്കരണത്തിനെതിരെ പാർലമെൻറിൽ ബഹളം
text_fieldsന്യൂഡൽഹി: സർക്കാറിെൻറ പുതിയ സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരെ പാർലമെൻറിൽ ബഹളം. റോഡും ടവറുമടക്കം അടിസ്ഥാനസൗകര്യങ്ങൾ സ്വകാര്യ മേഖലക്ക് വിൽക്കാനുള്ള പദ്ധതി വലിയ ഒച്ചപ്പാടുയർത്തി.
ഇൻഷുറൻസ് മേഖലയിൽ പ്രത്യക്ഷ വിദേശനിക്ഷേപം 49ൽനിന്ന് 74 ശതമാനമായി വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നാലു വട്ടം നിർത്തിവെക്കേണ്ടിവന്നു.
ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ വെച്ചപ്പോഴായിരുന്നു ബഹളം. ബിൽ ജനങ്ങളെ കുഴപ്പത്തിലാക്കുന്ന ഒന്നായതിനാൽ വിശദപഠനത്തിന് സഭാസമിതിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ വഴങ്ങിയില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. പൊതുമുതൽ വിറ്റുതുലക്കാൻ സർക്കാർ തിടുക്കംകാട്ടുന്നുവെന്ന് ലോക്സഭയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. എൽ.ഐ.സി വിൽക്കുന്നതിനുപിന്നാലെ എട്ടു മന്ത്രാലയങ്ങൾ വിവിധ സ്വകാര്യവത്കരണ നിർദേശങ്ങൾ മുേന്നാട്ടുവെച്ചിരിക്കുകയാണെന്ന് എൻ.സി.പിയിലെ സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
സർക്കാർ ധിറുതിപിടിച്ച് വിൽപനക്ക് ഇറങ്ങുന്നതിെൻറ കാരണമെന്താണെന്ന് സുപ്രിയ ചോദിച്ചു. വിസാഗ് ഉരുക്കുശാല വിൽക്കുന്നതിനുപകരം സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ലയിപ്പിക്കണമെന്ന് വൈ.എസ്.ആർ കോൺഗ്രസിലെ മാർഗണി ഭരത് ആവശ്യപ്പെട്ടു.
ഇൻഷുറൻസ് മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം ഉയർത്താനുള്ള ബിൽ പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാജ്യസഭ പാസാക്കി. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഇറങ്ങിപ്പോക്കു നടത്തി. ബിൽ ഇനി ലോക്സഭ പരിഗണിക്കും.
ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണം വിദേശ കമ്പനികൾക്ക് ലഭിക്കുമെങ്കിലും ഭൂരിപക്ഷം ഡയറക്ടർമാരും മാനേജ്മെൻറ് തലത്തിലുള്ളവരും ഇന്ത്യക്കാരായിരിക്കുമെന്നും രാജ്യത്തെ നിയമം ബാധകമായിരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.