മൂന്ന് ഉപാധികളുമായി പാര്‍ലമെൻറ് ബഹിഷ്കരണം
text_fieldsന്യൂഡല്‍ഹി: രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് എം.പിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും കർഷകർക്കായി മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ചും പ്രതിപക്ഷം പാർലമെൻറ് ബഹിഷ്കരണം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിെൻറ നേതൃത്വത്തിലാണ് പാര്‍ലമെൻറ് ബഹിഷ്കരണം പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങിയത്. രാജ്യസഭയില്‍നിന്ന് കോണ്‍ഗ്രസിന് പിറകെ ഇടതുപക്ഷവും ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഇറങ്ങിപ്പോയത്. ലോക്സഭയിലും ഇറങ്ങിപ്പോക്ക് ആവര്‍ത്തിച്ചപ്പോള്‍ ബി.എസ്.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും ചേര്‍ന്നു.
ബിജു ജനതാദള്‍ ബഹിഷ്കരണത്തില്‍ പങ്കാളിയാകാതെ മൂന്നാമത്തെ കര്‍ഷക ബില്ലിെൻറ ചര്‍ച്ചക്കായി സഭയിലിരുന്നു. പ്രതിപക്ഷമില്ലാത്ത സഭയില്‍ ആ ബില്ലും പാസാക്കി.
സ്വകാര്യ കമ്പനികള്‍ ചുരുങ്ങിയ താങ്ങുവിലയില്‍ കുറഞ്ഞ വിലക്ക് കാര്ഷികോല്പന്നങ്ങള് സംഭരിക്കാതിരിക്കാന്‍ ബില്‍ കൊണ്ടുവരുക, എം.എസ്. സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം താങ്ങുവില നിശ്ചയിക്കുക, കര്‍ഷകരില്‍നിന്ന് നിശ്ചയിച്ച ചുരുങ്ങിയ താങ്ങുവിലക്ക് വിളകള്‍ സംഭരിക്കപ്പെടുന്നുണ്ടെന്ന് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഉറപ്പുവരുത്തുക എന്നിവയായിരുന്നു പ്രതിപക്ഷം മുന്നോട്ടുവെച്ച ഉപാധികൾ. ഇവ അംഗീകരിക്കാൻ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യനായിഡു തയാറായില്ല.
തുടർന്നാണ് പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി പ്രതിമക്കു മുന്നിൽ നടത്തിയ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ച് എട്ട് എം.പിമാരും പ്രതിപക്ഷത്തിനൊപ്പം ചേർന്നിരുന്നു.
കേരളത്തിൽനിന്നുള്ള സി.പി.എം രാജ്യസഭ നേതാവ് എളമരം കരീം, കെ.കെ. രാഗേഷ്, കോൺഗ്രസ് എം.പിമാരായ രാജീവ് സാഠവ്, സയ്യിദ് നസീർ ഹുസൈൻ, റിപുൻ ബോറ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒാബ്രിയൻ, ഡോലാസെൻ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് സമരം അവസാനിപ്പിച്ചത്.
തുടർന്ന് ഇവർ സ്പീക്കറെ കണ്ടു. അതേസമയം, വിവാദ കര്‍ഷക വിരുദ്ധ ബില്ലുകള്‍ വോട്ടിനിടാതെ പാസാക്കി പ്രതിപക്ഷ രോഷമേറ്റുവാങ്ങിയ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണ്‍ സിങ് ഗാന്ധി പ്രതിമക്ക് മുന്നില്‍ ഏകദിന ഉപവാസത്തിലാണ്.
എന്നാല്‍, പെരുമാറ്റത്തിന് മാപ്പു പറഞ്ഞാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിെൻറ പ്രതികരണം.
മാപ്പു പറയാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയ കെ.കെ. രാഗേഷ് എം.പി സര്‍ക്കാര്‍ കര്‍ഷകരോടാണ് മാപ്പു പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.