കാർഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെ ശക്തമായി ന്യായീകരിച്ചും ചെങ്കോട്ടയിലെ പ്രതിഷേധങ്ങളെ അപലപിച്ചും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാർലമെൻറിൽ സർക്കാറിെൻറ നയ രൂപരേഖ അവതരിപ്പിച്ച രാഷ്ട്രപതി, കാർഷിക ബില്ലുകൾ വിശദ ചർച്ചക്കു ശേഷം മാത്രമാണ് പാർലമെൻറ് പാസാക്കിയതെന്നും വാദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിെൻറയും പൗരാവകാശത്തിെൻറയും കാര്യത്തിലെന്ന പോലെ ഭരണഘടനാപരമായ നിയമവാഴ്ചയും സംരക്ഷിക്കപ്പെടണം. മൂന്നു കാർഷിക നിയമങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി എന്തു തീരുമാനിച്ചാലും സർക്കാർ അതു മാനിക്കും. രാജ്യത്തിെൻറ ഐക്യവും പരമാധികാരവും വെല്ലുവിളിക്കുന്ന ശക്തികളെ സർക്കാർ ശക്തമായി നേരിടുമെന്ന് രാഷ്ട്രപതി പറഞ്ഞു. അക്രമം കാണിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കും.
രാഷ്്ട്രപതി പരാമർശിച്ച മറ്റു പ്രധാന വിഷയങ്ങൾ:
കോവിഡ് പ്രതിരോധം: കോവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ലക്ഷക്കണക്കിനു ജീവനുകൾ രക്ഷിച്ചു. കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും, രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തിെൻറ ശാസ്ത്രീയമായ കഴിവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനായി. ചുരുങ്ങിയ സമയം കൊണ്ട് ലബോറട്ടറികൾ, വെൻറിലേറ്ററുകൾ, പി.പി.ഇ കിറ്റ്, ടെസ്റ്റ് കിറ്റ് എന്നിവയെല്ലാം സജ്ജമാക്കാനും രണ്ടു വാക്സിനുകൾ തയാറാക്കാനും സാധിച്ചു. വെല്ലുവിളി എത്ര വലുതായാലും രാജ്യം മുന്നോട്ടു പോവുകതന്നെ ചെയ്യും.
കൃഷി: ബഹുഭൂരിപക്ഷം വരുന്ന ചെറുകിട, നാമമാത്ര കർഷകരെ കേന്ദ്രീകരിച്ചാകണം കാർഷിക നയം. കൃഷിയിൽ സ്വാശ്രയമാകാനും കർഷകന് നവീന അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കാനും സർക്കാർ നടപടി സ്വീകരിച്ചു വരുന്നു. ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി രൂപവത്കരിച്ചു. കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള 100 കിസാൻ ട്രെയിനുകൾ തുടങ്ങി.
ജമ്മു-കശ്മീർ: 370ാം ഭരണഘടനാ വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടായി വിഭജിച്ചതു വഴി അവിടത്തെ ജനങ്ങൾ പുതിയ അവകാശങ്ങളോടെ ശാക്തീകരിക്കപ്പെട്ടു. വികസന കേന്ദ്രീകൃത നയത്തിന് ജനങ്ങൾ അംഗീകാരം നൽകി. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിലെ വർധിച്ച പങ്കാളിത്തം അതിനു തെളിവ്.
ഡിജിറ്റൽ ഇന്ത്യ: കോവിഡ് പ്രതിസന്ധിക്കിടയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലും പണ കൈമാറ്റത്തിലും രാജ്യം മുന്നേറി. നാഷനൽ പേമെൻറ് കോർപറേഷെൻറ യു.പി.ഐ മുഖേന ഡിസംബറിൽ നടന്ന പണമിടപാട് നാലു ലക്ഷം കോടി രൂപയുടേതാണ്. ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ ഫോൺ എന്നിവ പ്രയോജനപ്പെടുത്തിയുള്ള പണ കൈമാറ്റം ആനുകൂല്യ ദുരുപയോഗം തടയാൻ സഹായിക്കുന്നു.
കർഷകർക്ക് ആദരാഞ്ജലിയില്ല; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
ന്യൂഡൽഹി: അതിർത്തിയിലെ സമരത്തിന് വന്ന് മരണമടഞ്ഞ കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാത്തതിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയുെട ആദ്യദിനമായ വെള്ളിയാഴ്ച സഭ ചേർന്നപ്പോൾ മരണമടഞ്ഞ എം.പിമാർക്കും മുൻ എം.പിമാർക്കും ആദരാഞ്ജലി അർപ്പിച്ചശേഷം വിദേശത്തുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചിരുന്നു. അതുകഴിഞ്ഞ് മറ്റു നടപടികളിലേക്ക് കടന്നപ്പോൾ കോൺഗ്രസ് നേതാവ് ജയറാം രമേശ് കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തു. ജയറാം രമേശിനെ പിന്തുണച്ച് ആനന്ദ് ശർമയും ചിദംബരവും എഴുന്നേറ്റു. രാജ്യത്തിന് അന്നം തരുന്ന കർഷകരോട് നന്ദികേട് അരുതെന്ന് ആനന്ദ് ശർമ പറഞ്ഞു.
ചെയർമാൻ വെങ്കയ്യ നായിഡു േകട്ട ഭാവം നടിക്കാതിരുന്നതോടെ കൂടുതൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ബഹളം വെച്ചു. തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടുവെന്നും വേണ്ടത് ചെയ്യാമെന്നും നായിഡു പറഞ്ഞതോടെയാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.