പാർലെമൻറ് ബജറ്റ് സമ്മേളനം തുടങ്ങി; ഡൽഹി കലാപം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം പാദത്തിന് തുടക്കമായി. ഏപ്രിൽ മൂന്ന് വരെയാണ് സമ്മേ ളനം. ഡൽഹി കലാപം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ ആധിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, എന്നിവരും തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, എൻ.സി.പി, ഡി.എം.കെ എന്നീ പാർട്ടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
രാജ്യസഭയിൽ ഒഴിവ് വരുന്ന 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പും പ്രധാനപ്പെട്ട ചില ബില്ലുകളും ഈ സമ്മേളനത്തിൽ പരിഗണനക്ക് വരും. ഗർഭഛിദ്രം, വാടക ഗർഭപാത്ര നിയന്ത്രണം തുടങ്ങി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവുമായി ബന്ധപെട്ട മൂന്ന് ബില്ലുകൾ സഭയുടെ പരിഗണനക്ക് വരും. കൃഷി, ഗ്രാമീണ വികസനം, റെയിൽവേ തുടങ്ങിയ വകുപ്പുകൾക്കുള്ള തുക നീക്കിയിരിപ്പ് സംബന്ധിച്ച ചർച്ചകളും നടക്കും.
രാജ്യതലസ്ഥാനമായ ഡൽഹിയെ സംഘ്പരിവാർ നേതൃത്വത്തിൽ കലാപക്കളമാക്കിയ സാഹചര്യത്തിൽ ചേരുന്ന ബജറ്റ് സമ്മേളനം ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് വേദിയായേക്കും. ബി.ജെ.പി സർക്കാറിനെതിരെ ശക്തമായ വാദമുഖങ്ങൾ നിരത്തുമെന്നും ഡൽഹിയിൽ സമാധാനം നില നിർത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.
‘‘എല്ലാ പ്രധാന വിഷയങ്ങളും ഞങ്ങൾ പാർലമെൻറിൽ ഉന്നയിക്കും. ബി.ജെ.പിയുടെ മുഖംമൂടി വലിച്ചു ചീന്തും. ഞങ്ങൾ അവരെ വെറുതെ വിടില്ല. ഞങ്ങൾ അമിത് ഷായുടെ രാജി ആവശ്യപ്പെടുകയാണ്. ഡൽഹി അക്രമം അവരുടെ കൺമുന്നിലാണ് നടക്കുന്നത്. ഇപ്പോൾ ഇതേകാര്യം പശ്ചിമ ബംഗാളിൽ നടക്കുന്നു. അവർ ഇതേ സാഹചര്യം സൃഷ്ടിക്കുകയാണ്. ‘വെടിവെച്ചു കൊല്ലൂ’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാളിൽ ഉയരുകയാണ്.’’ -ആധിർ രഞ്ജൻ ചൗധരി പറഞ്ഞു.
അവരാണ് രാജ്യത്തെ ഒരിക്കൽ വിഭജിക്കാൻ ശ്രമിച്ചത്. ‘കൂതറ’ സംഘത്തിെൻറ നേതാവാണ് ബി.ജെ.പി. വടക്കു കിഴക്ക് നിന്ന് ഡൽഹി, ഡൽഹിയിൽ നിന്ന് കർണാടക, അങ്ങനെ എല്ലായിടത്തും അവർ ജനങ്ങളെ ഭിന്നിക്കുകയാണ്.രാജ്യം മുഴുവനായി പതിയെ വർഗീയ കലാപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എവിടെയൊക്കെ ബി.ജെ.പി പോയിട്ടുണ്ടോ അവിടെയെല്ലാൺ അവർ വിഷം മാത്രമേ തുപ്പിയിട്ടുള്ളൂ. - അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻറിെൻറ ഇരുസഭകളെയും സംയുക്തമായി രാഷ്ട്രപതി രാംനാഥ് േകാവിന്ദ് അഭിസംബോധന ചെയ്തുകൊണ്ട് ജനുവരി 31നായിരുന്നു ബജറ്റ് സമ്മേളനത്തിെൻറ ആദ്യ ഭാഗത്തിന് തുടക്കമായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ നിരയുടെ കടന്നാക്രമണത്തിന് അന്ന് പാർലമെൻറ് സാക്ഷ്യം വഹിച്ചിരുന്നു.
ബജറ്റ് സമ്മേളനം രണ്ടാംപാതിയിലെത്തിയപ്പോഴേക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ പ്രക്ഷോഭം ശക്തിപ്പെട്ടു. തലസ്ഥാന നഗരിയിലെ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ 42 പേർക്ക് ജീവൻ നഷ്ടമാവുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.