പാർലമെന്റ് അതിക്രമ കേസിലെ പ്രതികളുടെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ; റിമാൻഡ് റിപ്പോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങൾ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ലളിത് ഝായുടേയും കൂട്ടാളികളുടേയും ലക്ഷ്യമെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതിക്രമത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ശത്രുരാജ്യങ്ങൾക്കോ ഭീകരസംഘടനകൾക്കോ സംഭവത്തിൽ പങ്കുണ്ടോയെന്നതും പരിശോധിച്ച് വരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പാർലമെന്റിൽ ഡിസംബർ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡൽഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപ്പോർട്ട്.
പാർലമെന്റ് ആക്രമണ കേസിൽ രണ്ടു പേരെ കൂടി ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരുമായി ബന്ധമുള്ള രാജസ്ഥാനിൽനിന്നുള്ള കൈലാശ്, മഹേഷ് എന്നിവരെയാണ് പിടികൂടിയത്. ലോക്സഭക്കകത്തും പുറത്തും വർണപ്പുകത്തോക്ക് പൊട്ടിച്ചവരുടെ മൊബൈൽ ഫോണുകൾ കത്തിച്ചുകളഞ്ഞതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.
അതേസമയം മുഖ്യസൂത്രധാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബിഹാർ സ്വദേശി ലളിത് ഝായെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മറ്റു നാലുപേരെയും പോലെ യു.എ.പി.എ 16, 18 വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമം 153, 186, 120ബി, 353, 452 വകുപ്പുകളും ലളിതിനെതിരെയും ചുമത്തി. കീഴടങ്ങാൻ കർതവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കൂടെ വന്ന മഹേഷിനെയും പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.