ലഹരി വ്യാപനത്തിൽ ഉത്കണ്ഠയുമായി പാർലമെന്റ്
text_fieldsന്യൂഡൽഹി: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ വർധിക്കുന്ന മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച ആശങ്കയുമായി എം.പിമാർ ലോക്സഭയിൽ. വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ ഉത്കണ്ഠ പ്രകടിപ്പിച്ച ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച മറുപടി പറയും.
മദ്യത്തിനും മയക്കുമരുന്നിനും എതിരായ ഏതുനീക്കത്തെയും വിശുദ്ധയുദ്ധമായി കാണണമെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
നിയമഭേദഗതികൾ ആവശ്യമാണ്. ഓരോ ദിവസവും കാണുന്നത് ദുരന്തവാർത്തകളാണ്. അർബുദം, കരൾ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ ഇവയെല്ലാം കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യ-മയക്കുമരുന്ന് ഉപയോഗമാണ്. പുതിയതലമുറ ഇഞ്ചിഞ്ചായി നശിക്കുന്നതിനെതിരെ രാജ്യമനഃസാക്ഷി ഉണരണം.
മദ്യോപയോഗ വ്യാപനത്തിന് ഉദാരമായ പ്രോത്സാഹനം കൊടുക്കുകയാണ് കേരളസർക്കാർ. പുരോഗമനത്തിന്റെ പേരുപറഞ്ഞ് പ്രതിലോമകരമായ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ഇ.ടി. ബഷീർ കുറ്റപ്പെടുത്തി.
രാജ്യസുരക്ഷയെയും പുരോഗതിയേയും ബാധിക്കുന്ന മഹാവിപത്തായി കണ്ട് മയക്കുമരുന്നുവ്യാപനം തടയണമെന്ന് കോൺഗ്രസിലെ ഹൈബി ഈഡൻ ആവശ്യപ്പെട്ടു. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. കേരളത്തിൽ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ, സംസ്ഥാന എക്സൈസിനും പൊലീസിനും പരിമിതിയുണ്ട്.
കേന്ദ്ര നിയമപ്രകാരമാണ് മയക്കുമരുന്ന് കേസുകളിലെ നടപടികൾ. അന്തർദേശീയ ബന്ധങ്ങളുള്ള മയക്കുമരുന്ന് മാഫിയയെ നേരിടാൻ സംസ്ഥാനങ്ങളെക്കാൾ സാധിക്കുക കേന്ദ്രസർക്കാറിന്റെ ഇടപെടലുകൾക്കാവുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.