പാലും തൈരും മോരുമായി പ്രതിപക്ഷം; പാർലമെന്‍റ് മൂന്നാം നാളും പ്രക്ഷുബ്ധം
text_fieldsലോക്സഭാ സ്പീക്കറുടെ മുഖം കോൺഗ്രസ് എം.പിമാർ പ്ലക്കാർഡ് കൊണ്ടു മറച്ചപ്പോൾ
ന്യൂഡൽഹി: അനിയന്ത്രിത വിലക്കയറ്റത്തിലും അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ വർഷകാല സമ്മേളനത്തിന്‍റെ മൂന്നാം ദിവസവും പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി. പാക്കറ്റിലാക്കിയ പാലും തൈരും മോരുമായി സഭയിൽ വന്ന കോൺഗ്രസ് എം.പിമാർ അവ ഉയർത്തിപ്പിടിച്ച് നടുത്തളത്തിലിറങ്ങി രാജ്യസഭ സ്തംഭിപ്പിച്ചു.
ലോക്സഭയിൽ സ്പീക്കറുടെ നിർദേശം അവഗണിച്ച് വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് എം.പിമാർ സഭ നടപടികൾ തടസ്സപ്പെടുത്തി. വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ ചർച്ചക്ക് തയാറാണെന്ന് സർക്കാർ വ്യക്തമാക്കി. രാഹുൽ ഗാന്ധി പാർലമെന്‍റ് മുടക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവരുകയും ചെയ്തു. ബുധനാഴ്ച പാലും തൈരും മോരും കൈകളിലേന്തി ഗാന്ധി പ്രതിമക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ എം.പിമാർ ധർണ നടത്തിയാണ് പാർലമെന്‍റിൽ കയറിയത്.
ധർണ കഴിഞ്ഞ് കോൺഗ്രസ് എം.പിമാർ പാലും തൈരും മോരുമായി രാജ്യസഭയിലേക്കും കയറി. സഭ രേഖകൾ മേശപ്പുറത്തുവെച്ചയുടൻ വിലക്കയറ്റ വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ ചെയർമാൻ വെങ്കയ്യ നായിഡു വിലക്കയറ്റത്തിൽ ചർച്ച നടത്താമെന്ന് കാര്യോപദേശക സമിതിയിൽ സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതിപക്ഷം പ്രതിഷേധം നിർത്തണമെന്നും ആവശ്യപ്പെട്ടു. അതോടെ പാക്കറ്റുകൾ കൈകളിലുയർത്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് തിരിച്ചു. രണ്ട് മണിവരെ ആദ്യം നിർത്തിവെച്ച സഭ പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം ആവർത്തിച്ചു. തുടർന്ന് വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.
ലോക്സഭയിലും സർക്കാറിന്‍റെ ഉറപ്പ് ഓർമിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാൻ സ്പീക്കർ ഓം ബിർള പറഞ്ഞെങ്കിലും പ്രതിപക്ഷം പ്ലക്കാർഡുകളേന്തി മുദ്രാവാക്യങ്ങളുമായി നടുത്തളത്തിൽ പ്രതിഷേധം തുടർന്നു. സ്പീക്കറുടെ മുഖം പ്ലക്കാർഡ് കൊണ്ട് പ്രതിഷേധക്കാർ മറച്ചു. തുടർന്ന് ആദ്യം രണ്ട് മണിവരെയും പിന്നീട് നാല് മണിവരെയും നിർത്തിവെച്ച് പുനരാരംഭിക്കാൻ നോക്കിയെങ്കിലും ബഹളം മൂലം ലോക്സഭയും വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു. വിലക്കയറ്റത്തിൽ ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി പാർലമെന്‍റിന് പുറത്ത് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.