പാര്‍ലമെൻറ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; സഭ പ്രക്ഷുബ്ധമാകും
text_fieldsന്യൂഡൽഹി: പാര്‍ലമെൻറിെൻറ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സഭയുടെ സുഗമമായ നടത്തിപ്പിന് സ്പീക്കർ സുമിത്ര മഹാജൻ എല്ലാ കക്ഷിേനതാക്കളുടെയും യോഗം വിളിച്ചു. പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ ബി.ജെ.പിയും കോൺഗ്രസും പാർലമെൻററി പാർട്ടി യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ബാങ്കിങ് നിയന്ത്രണ ഓര്‍ഡിനന്‍സിനു പകരം ധനമന്ത്രാലയം കൊണ്ടുവരുന്ന ബില്ലടക്കം നിരവധി ബില്ലുകള്‍ സര്‍ക്കാര്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
കർഷക സമരങ്ങളും ബംഗാളിലെ വർഗീയ കലാപവും അമര്‍നാഥ് യാത്രക്കു നേരെയുണ്ടായ ഭീകരാക്രമണവും കശ്മീരിലെ സുരക്ഷ സ്ഥിതിഗതികളും പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സഭ ശബ്ദായമാനമാകുമെന്നാണ് കരുതുന്നത്. പശ്ചിമബംഗാളിൽ ബി.ജെ.പി വർഗീയ സംഘർഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂൽ കോൺഗ്രസ് വിഷയം ഇരുസഭകളിലും ഉന്നയിച്ചേക്കും. ഗോരക്ഷക ഗുണ്ടകളുടെ വർധിച്ചുവരുന്ന ആക്രമണങ്ങൾ ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ട് പ്രധാനമന്ത്രി മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. കശ്മീര്‍ സാഹചര്യവും ചൈനയുമായുള്ള ഉരസലും പറഞ്ഞ് സഭാനടപടികൾ സ്തംഭിക്കുന്നത് ഒഴിവാക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പാര്‍ലമെൻറ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇരുവരും പ്രതിപക്ഷ നേതാക്കള്‍ക്ക് സ്ഥിതിഗതികൾ വിശദീകരിച്ചുകൊടുത്തിരുന്നു. മധ്യപ്രദേശിലേതടക്കമുള്ള കര്‍ഷക സമരങ്ങളും പ്രതിപക്ഷം പാര്‍ലമെൻറില്‍ ഉന്നയിക്കും. സ്വാമിനാഥന് കമ്മിറ്റി ശിപാർശകള്‍ നടപ്പാക്കി തങ്ങളുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
മിനിമം താങ്ങുവില 50 ശതമാനമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കര്‍ഷക വിഷയം പ്രതിപക്ഷമുന്നയിക്കുന്നത് സര്‍ക്കാറിന് ആശങ്കയുയര്‍ത്തുന്നതാണ്. ചില സംസ്ഥാനങ്ങള്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയതാണ് മറ്റുചില സംസ്ഥാനങ്ങളില്‍ സമരം ശക്തിപ്പെടാന്‍ കാരണമാക്കിയത്. എന്നാല്‍, കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുകയെന്നത് താല്‍ക്കാലിക പരിഹാരമാണെന്നും കര്‍ഷക പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് സർക്കാർ. ധിറുതിപിടിച്ച് ചരക്കുസേവന നികുതി നടപ്പാക്കിയതും പ്രതിപക്ഷം ഉന്നയിച്ചേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുഴുവന്‍ എം.പിമാരും തിങ്കളാഴ്ചതന്നെ ഡല്‍ഹിയിലുണ്ടാകും. സംസ്ഥാന തലസ്ഥാനങ്ങളില്‍ വോട്ടുചെയ്യാനുള്ള അവസരവും അവര്‍ക്ക് നല്‍കിയിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.