തെരഞ്ഞെടുപ്പ് കമീഷൻ കൈപ്പിടിയിൽ; വിവാദ ബിൽ ലോക്സഭയും പാസാക്കി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനം പൂർണമായും പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാറിന്റെയും നിയന്ത്രണത്തിലാക്കുന്ന വിവാദ ബിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ലോക്സഭയും പാസാക്കി. നേരത്തേ രാജ്യസഭ പാസാക്കിയ ‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മറ്റു കമീഷണർമാർ(നിയമനവും സേവന, കാലയളവ് വ്യവസ്ഥകളും) ബിൽ 2023’ രാഷ്ട്രപതി മേലൊപ്പ് ചാർത്തുന്നതോടെ നിയമമാകും.
തെരഞ്ഞെടുപ്പ് കമീഷനെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ഉൾപ്പെടുത്തിയിരുന്ന ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ അംഗമാക്കിയാണ് പുതിയ നിയമം. ലോക്സഭയിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ്വാൾ അവതരിപ്പിച്ച ബിൽ ഹ്രസ്വ ചർച്ചക്കുശേഷം ഏകപക്ഷീയമായി പാസാക്കി. അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ ബില്ലിനെ എതിർത്തു.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയും അടങ്ങുന്ന മൂന്നംഗ സമിതി മുമ്പാകെ പേരുകൾ നാമനിർദേശം ചെയ്യാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെർച് കമ്മിറ്റി ഉണ്ടാക്കാനായിരുന്നു വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും പുതിയ ബില്ലിൽ അത് മാറ്റി. കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഇനി സെർച് കമ്മിറ്റിയുണ്ടാകുക. കേന്ദ്ര സർക്കാറിന്റെ സെക്രട്ടറി റാങ്കിൽ കുറയാത്ത രണ്ട് ഉദ്യോഗസ്ഥർ അതിൽ അംഗങ്ങളായിരിക്കും.
സുപ്രീംകോടതി ജഡ്ജിയെ ആ പദവിയിൽനിന്ന് നീക്കംചെയ്യാനുള്ള കാരണങ്ങളാലും അതേ രീതിയിലുമല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യരുതെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മറ്റു തെരഞ്ഞെടുപ്പു കമീഷണർമാരെ നീക്കംചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ശിപാർശ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.