അവിശ്വാസ നോട്ടീസ് നൽകാൻ തയാറാകാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദി മന്ത്രിസഭക്കെതിരെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് തുടർച്ചയായ നാലാം ദിവസവും ലോക്സഭയിൽ സ്പീക്കർ സുമിത്ര മഹാജൻ മാറ്റിവെച്ചു. അതേസമയം, പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതല്ലാതെ സ്വന്തംനിലയിൽ നോട്ടീസ് നൽകാൻ ഇനിയും തയാറായിട്ടില്ല.
നടുത്തള സമരം തുടരുന്ന സഭയിൽ പ്രമേയത്തെ പിന്തുണക്കുന്നവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്നില്ലെന്ന വിശദീകരണം ആവർത്തിച്ചാണ് സഭാ നടപടി ദിവസത്തേക്ക് പിരിയുന്നതായി അറിയിച്ച് സ്പീക്കർ ഇരിപ്പിടം വിട്ടത്. അവിശ്വാസ പ്രമേയം പരിഗണിക്കാൻ 50 പേരുടെ പിന്തുണ മതി. നോട്ടീസ് നൽകിയ രണ്ടു പാർട്ടികൾക്കും കൂടി 25 എം.പിമാരുണ്ട്. കോൺഗ്രസും സി.പി.എമ്മും തൃണമൂൽ കോൺഗ്രസും അടക്കം മിക്ക പ്രതിപക്ഷ പാർട്ടികളും പ്രമേയത്തെ പിന്തുണച്ച് സഭയിൽ കൈപൊക്കുന്നുണ്ട്. എന്നാൽ, അവരെ എണ്ണി തിട്ടപ്പെടുത്താൻ പറ്റുന്നില്ലെന്നാണ് സ്പീക്കറുടെ ന്യായവാദം.
അവിശ്വാസ നോട്ടീസിനെ പിന്തുണക്കുന്നതായി കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. സി.പി.എം േപാളിറ്റ് ബ്യൂറോ പ്രസ്താവന മുഖേനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന് ലോക്സഭയിൽ 48 എം.പിമാരുണ്ട്. കോൺഗ്രസുകൂടി പ്രമേയ നോട്ടീസ് നൽകിയാൽ, പിന്തുണക്കാരെ എണ്ണാൻ പറ്റുന്നില്ലെന്ന സ്പീക്കറുടെ വാദം പൊളിയും. മറ്റു രണ്ടു നോട്ടീസുകളെ പിന്തുണക്കുന്ന കോൺഗ്രസ് പക്ഷേ, പ്രധാന പ്രതിപക്ഷമെന്ന നിലയിൽ സ്വന്തം നിലക്ക് നോട്ടീസ് നൽകാൻ തയാറാകാത്തത് എന്താണെന്ന ചോദ്യം പ്രതിപക്ഷനിരയിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
സഭ ബഹളത്തിൽ തുടരുന്നതാണ്, അവിശ്വാസ നോട്ടീസ് മാറ്റിവെക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് നാലാംദിവസവും അനുകൂല അന്തരീക്ഷം ഒരുക്കിയത്. ബി.ജെ.പിയെ സഹായിക്കുന്ന വിധത്തിൽ ടി.ആർ.എസ്, എ.െഎ.എ.ഡി.എം.കെ കക്ഷികളിലെ എം.പിമാരാണ് നടുത്തളത്തിൽ പ്ലക്കാർഡുമായെത്തി മുദ്രാവാക്യം മുഴക്കുന്നത്. വ്യാഴാഴ്ചയും സ്ഥിതിക്ക് മാറ്റം ഉണ്ടാകാനിടയില്ല. ഏപ്രിൽ ആറു വരെ നിശ്ചയിച്ച ബജറ്റ് സമ്മേളനം നേരത്തെ പിരിയുന്നതായി പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് ഇതോടെ സാഹചര്യമായി.
അവിശ്വാസം തോൽക്കുമെന്ന് ഉറപ്പായിട്ടും, സഭയിൽ ഇതുസംബന്ധിച്ച ചർച്ച ഒഴിവാക്കണമെന്ന താൽപര്യമാണ് ബി.ജെ.പിക്ക്. മോദി മന്ത്രിസഭക്കെതിരായ അവിശ്വാസം സഭ ചർച്ചചെയ്യുന്നത് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് ക്ഷീണമാണ്. ചർച്ച നടന്നാൽ പ്രതിപക്ഷ െഎക്യവും എൻ.ഡി.എ സഖ്യത്തിലെ വിള്ളലും ഒരുപോലെ സഭയിൽ വ്യക്തമാവുകയും ചെയ്യും. ഇത്തരമൊരു സന്ദേശം പാർലമെൻറിൽനിന്ന് പുറത്തേക്ക് പോകരുതെന്ന ആഗ്രഹമാണ് സർക്കാറിന്. നീരവ് മോദി ഉൾപ്പെട്ട വായ്പത്തട്ടിപ്പ്, കർഷക പ്രതിസന്ധി തുടങ്ങിയവ ചർച്ചചെയ്യേണ്ടിയും വരും. രണ്ടാംപാദ ബജറ്റ് സമ്മേളനം തുടങ്ങിയിട്ട് 13 ദിവസം കഴിഞ്ഞെങ്കിലും, സമ്പൂർണ സ്തംഭനത്തിലാണ് പാർലമെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.