രാഹുലിന്റെ പ്രസംഗത്തിൽനിന്ന് നീക്കിയത് ഈ ഭാഗങ്ങൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ലോക്സഭയിൽ നടത്തിയ കടന്നാക്രമണത്തിന്റെ അലയൊലികൾക്കിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചില പ്രസംഗ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് നീക്കി. മോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനും അദാനിക്കും അംബാനിക്കും അഗ്നിവീറിനും നീറ്റിനുമെതിരെ രാഹുൽ ഗാന്ധി നടത്തിയ ചില വിമർശനങ്ങളാണ് നീക്കിയത്. ഇതിനെതിരെ ഇൻഡ്യ എം.പിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്രമണം. മോദിയും ആർ.എസ്.എസും ബി.ജെ.പിയും അല്ല ഹിന്ദുക്കളെന്നും അവർ ഹിന്ദുമതത്തിന് ഭയപ്പെടുത്തലിന്റെയും ഹിംസയുടേയും മുഖം നൽകിയവരാണെന്നുമുള്ള രാഹുലിന്റെ വിമർശനം ഹിന്ദുസമുദായത്തിനെതിരാണെന്ന് വരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണപക്ഷം പ്രചാരണം നടത്തുന്നതിനിടയിലാണ് സ്പീക്കർ ഓം ബിർളയുടെ നടപടി.
- തങ്ങൾ ഹിന്ദുവാണ് എന്ന് പറയുന്നവർ അക്രമം നടത്തുന്നുവെന്ന രാഹുലിന്റെ പരാമർശവും അമിത് ഷായുടെ ഇതുസംബന്ധിച്ച ആരോപണ ഭാഗവും സഭാരേഖകളിൽനിന്ന് നീക്കി. എന്നാൽ, ഹിന്ദു സമുദായത്തെ രാഹുൽ അവഹേളിക്കുകയാണ് ചെയ്തതെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഒഴിവാക്കിയില്ല.
- ഹിന്ദുമതത്തിൽ സത്യത്തോടൊപ്പം നിൽക്കണമെന്നും സത്യത്തെ ഭയക്കരുതെന്നുമാണ് പറയുന്നതെന്നും അഹിംസ നമ്മുടെ പ്രതീകമാണെന്നുമുള്ള പരാമർശവും നീക്കി.
- ബി.ജെ.പി 24 മണിക്കൂറും ഹിംസയിലും വിദ്വേഷത്തിലുമാണെന്നും നരേന്ദ്ര മോദിയും ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നുമുള്ള പരാമർശങ്ങളും ഒഴിവാക്കി.
- പ്രസംഗത്തിന്റെ പല ഭാഗങ്ങളിലായുള്ള അദാനിയെയും അംബാനിയെയും കുറിച്ചുള്ള പരാമർശങ്ങളെല്ലാം നീക്കി. നോട്ടുനിരോധനവും ജി.എസ്.ടിയും അദാനിക്കും അംബാനിക്കും വേണ്ടി ചെയ്തതാണെന്നതും ഒഴിവാക്കി.
- അഗ്നിവീർ പ്രധാനമന്ത്രിയുടെ ബ്രെയിൻ ചൈൽഡ് ആണെന്ന് പറഞ്ഞതും ‘യൂസ് ആൻഡ് ത്രോ’ പദ്ധതിയാണെന്നുമുള്ള ഭാഗവും നീക്കി.
- നീറ്റുമായി ബന്ധപ്പെട്ട് സ്പീക്കറുടെ മണ്ഡലം കൂടിയായ കോട്ടയെക്കുറിച്ച് നടത്തിയ പരാമർശമാണ് ഒഴിവാക്കിയ മറ്റൊന്ന്.
രാഹുലിന്റെ പ്രസംഗ ഭാഗങ്ങൾ മാത്രം ഏകപക്ഷിയമായി നീക്കം ചെയ്തത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ എം.പിമാർ ചോദ്യംചെയ്തു. കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ കോൺഗ്രസിനും രാഹുലിനുമെതിരെ നടത്തിയ വ്യാജ ആരോപണങ്ങൾ നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വേണുഗോപാൽ ചോദിച്ചു.
ഭരണപക്ഷത്തെ എം.പിമാർക്കെതിരെ പരാതിയുണ്ടെങ്കിൽ തരണമെന്നും നടപടിയെടുക്കുമെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ഇതിന് മറുപടി നൽകി. രാവിലെ നന്ദിപ്രമേയ ചർച്ച തുടങ്ങുംമുമ്പ് സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഇൻഡ്യ എം.പിമാർ ബഹളം വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.