പാർലമെന്റ് അതിക്രമം ഗൗരവമേറിയത്; രാഷ്ട്രീയവൽക്കരിക്കരുത് -നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: പാർലമെന്റിൽ അതിക്രമിച്ചു കയറി അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മൗനം ഭഞ്ജിച്ചു. പാർലമെന്റിലെ സുരക്ഷാവീഴ്ച ദുഃഖകരവും ഭീതിജനകവുമെന്ന് വിശേഷിപ്പിച്ച മോദി അതിൽ ചർച്ച വേണ്ടെന്നും വിശദമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞു.
അക്രമത്തിന് പിന്നിലെ ഘടകങ്ങൾ ഏതൊക്കെയാണെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും അറിയുകയാണ് പ്രധാനമെന്നും ‘ദൈനിക് ജാഗരൺ’ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മോദി വ്യക്തമാക്കി. സംഭവത്തെ ചൊല്ലി ബഹളം വെക്കുന്നതും പ്രതിഷേധിക്കുന്നതും ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി ചർച്ചയിൽനിന്ന് ഓടിയൊളിക്കുകയാണെന്നും ബി.ജെ.പി എം.പിക്കുള്ള പങ്കിനെക്കുറിച്ച ചോദ്യമുയരുന്നത് ഒഴിവാക്കാനാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യൻ പാർലമെന്റിനകത്ത് ചരിത്രത്തിൽ ആദ്യമായുണ്ടായ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ട് ദിവസമായി പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചതിനിടയിലാണ് പ്രധാനമന്ത്രി പുറത്ത് മൗനം വെടിഞ്ഞത്. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ‘ആജ്തക്’ ഹിന്ദി ചാനലിന്റെ പരിപാടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചതിനും ലോക്സഭാ സ്പീക്കർ എം.പിമാർക്ക് കത്തെഴുതിയതിനും പിന്നാലെയാണ് അഭിമുഖത്തിൽ മോദിയുടെ പ്രതികരണം. പാർലമെന്റിൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തയാറാകാതെയാണ് മോദിയും ഷായും സ്വകാര്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാർലമെന്റിലുണ്ടായ സംഭവം ഗൗരവതരമാണ്. അതുകൊണ്ടാണ് എല്ലാ ഗൗരവത്തോടെയും ലോക്സഭാ സ്പീക്കർ ആവശ്യമായ നടപടികളെടുക്കുന്നത്. അന്വേഷണ ഏജൻസികൾ കർശനമായ അന്വേഷണം നടത്തുന്നുമുണ്ട്. വിഷയത്തിന്റെ അടിത്തട്ടിലേക്ക് പോയാൽ മാത്രമേ പരിഹാരമുണ്ടാകൂ. ഇതിനെച്ചൊല്ലി ബഹളം വെക്കുന്നതും പ്രതിഷേധിക്കുന്നതും ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
അതിനിടെ ലോക്സഭയിലുണ്ടായ അസാധാരണ സംഭവവികാസത്തിൽ ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞിരിക്കുന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്സി’ൽ കുറിച്ചു. എന്നാൽ, ഡിസംബർ 13ന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പാർലമെന്റിൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാണ് ഇൻഡ്യ കക്ഷികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.