പാർലമെന്റ് അതിക്രമം: പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലീസ്. പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറി ജനറൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
പാര്‍ലമെന്‍റിനുള്ളിൽ പ്രതിഷേധിച്ച സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ, പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം എന്നിവരെ ഇന്നലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെയാണ് ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലീസ് പിടികൂടുന്നത്. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ എന്നീ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തൽ.
സംഭവത്തെതുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്നും സുരക്ഷാവിഭാഗം തീരുമാനിച്ചു. എം.പിമാർ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. പരിശോധനക്ക് ബോഡി സ്കാനറും ഗാലറികളിൽനിന്ന് ചാടാതിരിക്കാൻ സന്ദർശക ഗാലറികളിൽ ചില്ലുമറയും സ്ഥാപിക്കും. അതിനിടെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അന്വേഷണം ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.